കരുത്തരായ ഡച്ചുകാര്‍ തളച്ചിടുമോ അര്‍ജന്റീനയെ?
നീണ്ട മൂന്ന് വര്‍ഷത്തെ അപരാജിത കുതിപ്പുമായാണ് മെസിയും സംഘവും ഖത്തര്‍ ലോകകപ്പിനെത്തുന്നത്. കരിയറിലെ അവസാന ലോകകപ്പനിറങ്ങുന്ന സൂപ്പര്‍താരം ലയണല്‍ മെസിക്ക് രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്തുക എന്ന മോഹം കൂടിയേ ബാക്കിയുള്ളൂ.
കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിക്കഴിഞ്ഞ അര്‍ജന്റൈന്‍ പടക്ക് ലോകകപ്പ് ട്രോഫിയില്‍ എന്തുകൊണ്ടോ മുത്തമിടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ നിശ്ചയദാര്‍ഢ്യത്തോടെയാണ് ടീമിന്റെ മുന്നേറ്റം.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ സൗദി അറേബ്യയോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയിരുന്നെങ്കിലും പിന്നീട് മികച്ച ഫോമില്‍ തുടര്‍ന്ന അര്‍ജന്റീന ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലിന്റെ പടിക്കല്‍ എത്തിനില്‍ക്കുകയാണ്.
എന്നാല്‍ അവിടെയും വലിയ വെല്ലുവിളിയാണ് അര്‍ജന്റീനയെ കാത്തിരിക്കുന്നത്. കരുത്തരായ ഡച്ച് പടയോടാണ് അര്‍ജന്റീന കൊമ്പുകോര്‍ക്കാനിറങ്ങുന്നത്. ഇത്തവണ മികച്ച ഫോമിലാണ് നെതര്‍ലന്‍ഡ്‌സ് ഖത്തറില്‍ തുടരുന്നത്.
ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴൊക്കെ കണ്ടത് ഉജ്വലമായ പോരാട്ടങ്ങളായിരുന്നു. ലോകകപ്പില്‍ ആറാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. 1978ല്‍ അര്‍ജന്റീന ആദ്യമായി ലോകകിരീടത്തിലേക്ക് മാര്‍ച്ച് ചെയ്തത് നെതര്‍ലന്‍ഡ്സിനെ കണ്ണീരണിയിച്ചാണ്.
ഏറ്റവുമൊടുവില്‍ 2014 ലോകകപ്പ് സെമിയിലാണ് നെതര്‍ലന്‍ഡ്സിനോട് അര്‍ജന്റീന ഏറ്റുമുട്ടിയത്. യൂറോപ്യന്‍ കരുത്തരെ അന്ന് മറികടന്നത് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍. ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. നാല് കളികളില്‍ ജയിച്ച നെതര്‍ലന്‍ഡ്സിനാണ് മേല്‍ക്കൈ. അര്‍ജന്റീനയ്ക്ക് രണ്ട് ജയം മാത്രം.
അതേസമയം താരങ്ങളുടെ പരിക്കാണ് നിലവില്‍ അര്‍ജന്റീനയുടെ ആശങ്ക. ടീമിലെ പ്രധാന താരങ്ങളായ റോഡ്രിഗോ ഡി പോള്‍, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.
എന്നാല്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പരിക്ക് മാറി പരിശീലനം തുടങ്ങിയെങ്കിലും ഇന്നത്തെ മെഡിക്കല്‍ ചെക്കപ്പിന് ശേഷം മാത്രമെ ഇരുവരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
ഇരുപത് വര്‍ഷത്തെ പ്രതികാരദാഹം തീര്‍ക്കാനാണ് നെതര്‍ലന്‍ഡ്‌സ് ഇന്ന് അര്‍ജന്റീനക്കെതിരെ ഇറങ്ങുക. കിരീട മോഹവുമായി ഖത്തറില്‍ തുടരുന്ന അര്‍ജന്റീനക്ക് നിര്‍ണായകമാണ് ഈ പോരാട്ടം.
Content Highlights: Argentina vs Netherlands quarter final in Qatar World Cup 2022