2024 പാരീസ് ഒളിമ്പിക്‌സിലെ ഫുട്‌ബോളിലെ ഗ്രൂപ്പ് ബിയിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനക്ക് തോൽവി. മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റഹിമിയിലൂടെ മൊറോക്കോയാണ് ആദ്യം ഗോള്‍ നേടിയത്. അര്‍ജന്റീനയുടെ പ്രതിരോധത്തെ മറികടന്നുകൊണ്ട് ലഭിച്ച ക്രോസില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ മൊറോക്കോ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മൊറോക്കോ രണ്ടാം ഗോളും നേടി. 52ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റഹീമി വീണ്ടും അര്‍ജന്റീനയുടെ വില്ലന്‍ ആവുകയായിരുന്നു. പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പന്ത് അടിച്ചുകൊണ്ട് താരം ലക്ഷ്യം കാണുകയായിരുന്നു.
മറുപടി ഗോളിനായി അര്‍ജന്റീന മികച്ച നീക്കങ്ങള്‍ നടത്തി. ഒടുവില്‍ 67ാം മിനിട്ടിലാണ് അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചത്. മൊറോക്കന്‍ പോസ്റ്റില്‍ നിന്നും സോളര്‍ ഉതിര്‍ത്ത ഷോട്ടില്‍ നിന്നും കാലുവെച്ചുകൊണ്ട് സിമിയോണിയാണ് അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടത്.
ഒടുവില്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീന സമനില ഗോള്‍ നേടുകയായിരുന്നു. അല്‍മാഡയിലൂടെയാണ് അര്‍ജന്റീന ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമില്‍ നിരന്തരം മൊറോക്കന്‍ പോസ്റ്റില്‍ നടത്തിയ അക്രമം ഒടുവില്‍ ലക്ഷ്യം കാണുകയായിരുന്നു.
ഒടുവില്‍ മത്സരം സമനിലയില്‍ പിരിയുകകയായിരുന്നു. എന്നാല്‍ ഇതിനുശേഷം നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ അര്‍ജന്റീന നേടിയ രണ്ടാമത്തെ ഗോള്‍ വാറിലൂടെ പരിശോധിച്ചുകൊണ്ട് ആ ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു. മത്സരം കഴിഞ്ഞ് ഒന്നരമണിക്കൂറിന് ശേഷമാണ് വിധി വന്നത്. ഇതോടെ ആദ്യം സമനിലയില്‍ ആയിരുന്ന മത്സരം 2-1ന് മൊറോക്കോ സ്വന്തമാക്കുകയായിരുന്നു.
Content Highlight: Argentina vs Morocco Match Result in Olympics 2024