| Sunday, 27th November 2022, 8:47 am

ആദ്യ മത്സരത്തില്‍ ബ്രസീല്‍ ഒരു റെക്കോഡിട്ടാല്‍ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന അത് തിരുത്തിയിരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ലയണല്‍ സ്‌കലോണിയുടെ കുട്ടികള്‍ ലോകകപ്പ് സാധ്യതകള്‍ സജീവമാക്കിയത്. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ സമനില പോലും തങ്ങളുടെ സാധ്യതകള്‍ക്ക് വിലങ്ങുതടിയാകുമെന്നിരിക്കെയാണ് അര്‍ജന്റീന വിജയവുമായി മുന്നോട്ട് കുതിച്ചത്.

സൂപ്പര്‍ താരം ലയണല്‍ മെസിയും യുവതാരം എന്‍സോ ഫെര്‍ണാണ്ടസും നേടിയ ഗോളുകളാണ് അര്‍ജന്റീനക്ക് വിജയം നേടിക്കൊടുത്തത്.

രണം അല്ലെങ്കില്‍ മരണം എന്നുറപ്പിച്ച് കളത്തിലിറങ്ങിയ അര്‍ജന്റീനയെ ആദ്യപകുതിയില്‍ പിടിച്ചുകെട്ടാന്‍ മെക്‌സിക്കോക്കായിരുന്നു. എന്നാല്‍ മത്സരത്തിന്റെ 64ാം മിനിട്ടില്‍ മെസിയുടെ കാലില്‍ നിന്നും ഗോള്‍ പിറന്നതോടെ ലുസൈല്‍ സ്‌റ്റേഡിയം ആവേശത്തിലാറാടി. 87ാം മിനിട്ടില്‍ എന്‍സോയുടെ വക രണ്ടാം ഗോളുമെത്തിയതോടെ ലുസൈല്‍ ആവേശക്കടലായി.

88,966 ആളുകള്‍ ഒന്നിച്ച് അര്‍ജന്റീനക്കായി ഹര്‍ഷാരവം മുഴക്കി. ഈ ലോകകപ്പില്‍ ഏറ്റവുമധികം ആളുകള്‍ സ്റ്റേഡിയത്തിലേക്കെത്തിയ മത്സരമായിരുന്നു ലുസൈല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്നത്.

നേരത്തെ ബ്രസീല്‍ – സെര്‍ബിയ മത്സരത്തിനായിരുന്നു റെക്കോഡ് അറ്റന്‍ഡന്‍സ് ഉണ്ടായിരുന്നത്. 88,103 പേരായിരുന്നു കാനറികളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

ഇതിന് മുമ്പ് നടന്ന സൗദി അറേബ്യ – അര്‍ജന്റീന മത്സരത്തിലെ ലൈവ് ഓഡിയന്‍സിന്റെ റെക്കോഡ് മറികടന്നുകൊണ്ടായിരുന്നു ബ്രസീല്‍ – സെര്‍ബിയ മത്സരത്തില്‍ കാണികള്‍ സ്‌റ്റേഡിയത്തിലേക്കെത്തിയത്. 88, 012 പേരാണ് സൗദി – അര്‍ജന്റീന മത്സരം സ്റ്റേഡിയത്തിലെത്തി കണ്ടത്.

അര്‍ജന്റീന – മെക്‌സിക്കോ മത്സരത്തിലേത് ഈ ലോകകപ്പിലെ മാത്രമല്ല, കഴിഞ്ഞ 28 വര്‍ഷത്തെ ഏറ്റവും വലിയ ലൈവ് ക്രൗഡാണിത്.

1994 ലോകകപ്പ് ഫൈനല്‍ മത്സരത്തിലാണ് ഏറ്റവുമധികം ആളുകള്‍ സ്റ്റേഡിയത്തിലെത്തിയത്. 94,194 ആളുകളാണ് ബ്രസീല്‍ – ഇറ്റലി ഫൈനല്‍ മത്സരം കാണാന്‍ കാലിഫോര്‍ണിയയിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തിലെത്തിയത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയികളെ നിശ്ചയിച്ചത്. അസൂറികളെ 3-2 എന്ന സ്‌കോറിന് തകര്‍ത്താണ് അന്ന് ബ്രസീല്‍ വിശ്വവിജയികളായത്. റൊമാരിയോ, ബ്രാങ്കോ, ദുംഗ എന്നിവരായിരുന്നു ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

അതേസമയം, 64ാം മിനിട്ടിലായിരുന്നു മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ കണ്ടെത്തിയത്. ഗ്രൗണ്ടിന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ബോക്സിന് പുറത്തു നിന്ന് മെസി അനായാസം വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ മെസിയുടെ രണ്ടാമത്തെ ഗോളാണിത്.

മെസിയുടെ ഗോളിനൊടൊപ്പം ചേര്‍ത്തുവെക്കേണ്ട ഗോളായിരുന്നു 21 കാരനായ എന്‍സോ ഫെര്‍ണാണ്ടസിന്റേത്. മെക്‌സിക്കോയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ഒച്ചാവോക്ക് ഒന്ന് തൊട്ടുനോക്കാന്‍ പോലും കഴിയാത്ത വേഗതയിലായിരുന്നു ഫെര്‍ണാണ്ടസ് പന്ത് പോസ്റ്റിലേക്ക് തൊടുത്തുവിട്ടത്.

നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പുറത്താകാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന അര്‍ജന്റീനക്ക് നിലവില്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി.

ഇനി ഡിസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മത്സരത്തില്‍ വിജയിച്ചാല്‍ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കാം.

Content highlight: Argentina vs Mexico match has record attendance

Latest Stories

We use cookies to give you the best possible experience. Learn more