| Thursday, 15th December 2022, 9:16 pm

അര്‍ജന്റീന-ഫ്രാന്‍സ് ജേഴ്‌സിയിലെ രണ്ട് നക്ഷത്രങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു?

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിശ്വകിരീടം ചൂടാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഫ്രാന്‍സും അര്‍ജന്റീനയും. സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിനുള്ള പരിശീലനത്തിലാണ് താരങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇരുടീമുകളും തമ്മില്‍ നടക്കുകയെന്നതില്‍ യാതൊരു സംശയവുമില്ല.

ലോകകപ്പ് ട്രോഫിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമായിരിക്കില്ല ഞായറാഴ്ച ഖത്തറില്‍ അരങ്ങേറാനിരിക്കുന്നത്. ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും നേടാനുള്ള താരങ്ങളും ഈ ടീമുകളിലുണ്ട്. ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനൊപ്പം താരങ്ങള്‍ തമ്മിലുള്ള വ്യക്തിഗത മത്സരം കൂടിയാണ് ഖത്തറില്‍ അരങ്ങേറുക.

അതോടൊപ്പം ടീമിന്റെ ജേഴ്‌സിയിലെ നക്ഷത്രങ്ങളുടെ എണ്ണം കൂട്ടാനും ഈ മത്സരത്തിനാകും. അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ജേഴ്‌സിയില്‍ നിലവില്‍ രണ്ട് നക്ഷത്രങ്ങളാണ് ഉള്ളത്. ഇരു ടീമുകളും നേടിയിട്ടുള്ള ലോകകപ്പ് കിരീടങ്ങളുടെ എണ്ണമാണ് അത് സൂചിപ്പിക്കുന്നത്.

ഇത്തവണ ലോക ചാമ്പ്യന്മാരാകുന്ന ടീമിന്റെ ജേഴ്‌സിയില്‍ ഒരു നക്ഷത്രം കൂടുതല്‍ ചേര്‍ക്കപ്പെടും. 1978ലും 1986ലുമാണ് അര്‍ജന്റീന ലോക കിരീടം സ്വന്തമാക്കിയത്. അതേസമയം 1998ലും 2018ലുമാണ് ഫ്രാന്‍സ് വിശ്വ കിരീടത്തില്‍ മുത്തമിട്ടു.

ഖത്തറില്‍ ഇതുവരെ ഗോള്‍ വേട്ടയില്‍ ഒപ്പത്തിനൊപ്പമാണ് മെസിയും എംബാപ്പെയും. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോള്‍ വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്. അര്‍ജന്റൈന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസും ഫ്രഞ്ച് സൂപ്പര്‍താരം ജിറൂഡും നാല് ഗോള്‍ വീതം നേടി തൊട്ടുപുറകിലുണ്ട്.

ഡിസംബര്‍ 18ന് നടക്കുന്ന അന്തിമ പോരാട്ടത്തില്‍ ആര് വിജയികളാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

23കാരനായ എംബാപ്പെ ഫ്രാന്‍സിന്റെ ഏറ്റവും വേഗത കൂടിയ താരമായി കളത്തില്‍ പേരെടുക്കുമ്പോള്‍ 35കാരനായ അര്‍ജന്റൈന്‍ നായകന്‍ എക്കാലത്തെയും പോലെ മികച്ച ഫോമിലാണ് ഖത്തറില്‍ തുടരുന്നത്.

Content Highlights: Argentina vs. France is going to be fireworks

We use cookies to give you the best possible experience. Learn more