| Sunday, 12th June 2022, 11:59 am

ഓസ്‌ട്രേലിയ വരെ എത്താന്‍ പറ്റില്ല; ബ്രസീലുമായുള്ള മത്സരത്തില്‍ നിന്നും പിന്‍മാറി അര്‍ജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് മുന്നോടിയായി നടത്താന്‍ തീരുമാനിച്ചിരുന്ന അര്‍ജന്റീന ബ്രസീല്‍ മത്സരം നടക്കില്ല. അര്‍ജന്റീന മത്സരത്തില്‍ നിന്നും പിന്‍മാറിയതാണ് മത്സരം നടക്കാതിരുന്നതിന് കാരണം. നേരത്തെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനിരുന്ന ഇരു ടീമും ഇതുവരെ ഏറ്റുമുട്ടിയില്ല.

2021 സെപ്റ്റംബര്‍ 6ന് ഇരുവരും 7 മിനിറ്റ് മാത്രം കളിച്ച് മത്സരം ഉപേക്ഷിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെചൊല്ലിയുള്ള തര്‍ക്കമായിരുന്നു മത്സരം ഉപേക്ഷിതിന് പിന്നില്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുടങ്ങിയ അര്‍ജന്റീന-ബ്രസീല്‍ മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുടീമും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടേണ്ടിയിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അര്‍ജന്റീന ടീം മത്സരത്തിനെത്താന്‍ സാധിക്കില്ല എന്നറിയിച്ചതോടുകൂടി മത്സരം ഉപേക്ഷിക്കുകയായിരുന്നു.

60,000 കാണികള്‍ ടിക്കറ്റെടുത്ത മത്സരമാണ് ഉപേക്ഷിച്ചത്. ഇരു ടീമും മികച്ച ഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ മികച്ച മത്സരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. മത്സരം ഉപേക്ഷിച്ചതോടെ ആരാധകര്‍ നിരാശരാകുകയായിരുന്നു.

ഇരുവരും അവസാനമായി മെല്‍ബണില്‍ ഏറ്റുമുട്ടിയപ്പോള്‍ 95000 കാണികളായിരുന്നു അണിനിരന്നിരുന്നത്. ലോകകപ്പില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ്.

യുവേഫ നേഷന്‍സ് ലീഗ് നടക്കുന്നതിനാല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ഫ്രണ്ട്‌ലി മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഇരു ടീമുകളും തമ്മില്‍ സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരം നടന്നില്ല.

ഇരു ടീമുകളും ലോകകപ്പ് ജേതാക്കളാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. ബ്രസീലും മികച്ച മുന്നേറ്റമാണ് കഴിഞ്ഞ കുറച്ചുനാളുകളായി കാണിക്കുന്നത്.

ഇരുവരും അവസാനമായി ഏറ്റുമുട്ടിയ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ഒരു ഗോളിന് വിജയിച്ചിരുന്നു. ബ്രസീല്‍ മികച്ച പ്രകടനമായിരുന്നു കോപ്പ ഫൈനലില്‍ കാഴ്ചവെച്ചത്.

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവര്‍ക്കാപ്പം സി ഗ്രൂപ്പിന്റെ ഭാഗമാണ് അര്‍ജന്റീന. അതേസമയം സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. ഇരു ടീമുകളും നിരവധി ടീമുകള്‍ക്കെതിരെ സൗഹൃദ മത്സരങ്ങള്‍ കളിച്ച് ലോകകപ്പിന് തയ്യാറെടുക്കുകയാണ്.

Content Highlights: Argentina vs Brazil match cancelled

We use cookies to give you the best possible experience. Learn more