| Thursday, 22nd June 2023, 5:06 pm

വോളിബോളിലും മിശിഹ; ഫ്രാന്‍സിനെ തോല്‍പ്പിച്ചുള്ള അര്‍ജന്റൈന്‍ വോളിബോള്‍ ടീമിന്റെ വിജയാഘോഷം വൈറല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് കിരീട നേട്ടത്തോടെ അര്‍ജന്റീനക്കാരുടെയാകെ പ്രിയപ്പെട്ടവനാകാന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക് സാധിച്ചിരുന്നു. അര്‍ജന്റീനയില്‍ താരത്തിന്റെ പേരില്‍ കറന്‍സി ഇറക്കും എന്നുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കിട്ടുന്ന അവസരങ്ങളിലെല്ലാം 36 വര്‍ഷത്തിന് ശേഷം തങ്ങളുടെ രാജ്യത്ത് ലോകകിരീടം എത്തിച്ച മെസിയോടുള്ള സ്‌നേഹം പ്രകടപ്പിക്കുകയാണ് അര്‍ജന്റൈന്‍ ജനത.

ഇപ്പോൾ ഒരു വോളിബോള്‍ ടൂര്‍ണമെന്റിലും ലയണല്‍ മെസിയും താരത്തിന്റെ 10ാം നമ്പര്‍ ജേഴ്‌സിയുമാണ് ചര്‍ച്ചാ വിഷയം. ഫ്രഞ്ച് ദേശീയ വോളിബോള്‍ ടീമിനെതിരായ വിജയത്തിന് ശേഷം അര്‍ജന്റൈന്‍ ദേശീയ വോളിബോള്‍ ടീം ലിയോ മെസിയുടെ 10ാം നമ്പര്‍ ജേഴ്‌സി ഉയര്‍ത്തിപ്പിടിച്ചാണ് ആഘോഷിച്ചത്.

എഫ്.ഐ.വി.ബി വോളിബോള്‍ മെന്‍സ് നേഷന്‍സ് ലീഗിന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ നാല് സെറ്റ് നീണ്ട മത്സരത്തില്‍ 3-1നാണ് അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പ്പിച്ചത്.

ഖത്തര്‍ ലോകകപ്പ് ഫൈനലിന് ശേഷം വോളിബോളിലാണെങ്കിലും ഫ്രഞ്ച് ദേശീയ ടീമിനെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തിയതിന്റെ ആഹ്ലാദമാണ് ഈ താരങ്ങള്‍ മെസിയുടെ ജേഴ്‌സി ഉയര്‍ത്തിപ്പിടിച്ച് ആഘോഷിച്ചത്. അര്‍ജന്റൈന്‍ താരങ്ങള്‍ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

അതേസമയം, ഖത്തറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍
പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ലോക ജേതാക്കളാകുന്നത്. ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസി നിശ്ചിത സമയത്ത് ഒരു ഗോള്‍ നേടുകയും ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണുകയും ചെയ്തിരുന്നു.

Content Highlight: Argentina Volleyball Team celebrates with Leo Messi’s jersey after they defeated France

Latest Stories

We use cookies to give you the best possible experience. Learn more