| Monday, 19th August 2024, 10:47 pm

അർജന്റീന ടീമിൽ നിന്നും മെസി പുറത്ത്; വമ്പൻ പോരാട്ടങ്ങൾക്കായി ലോകചാമ്പ്യന്മാർ ഒരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെ ആയിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ മത്സരത്തില്‍ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിൽ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

പരിക്കിനെ തുടർന്ന് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായും മെസി കളത്തിലിറങ്ങിയിരുന്നില്ല. താരം ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് താരത്തിന് ടീമില്‍ ഇടനേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

മെസിക്ക് പുറമേ സൂപ്പര്‍താരം പൗലോ ഡിബാലക്കും അര്‍ജന്റൈന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഫ്രാങ്കോ അര്‍മാനി, മാര്‍ക്കസ് അക്യുന എന്നിവരും യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിന്റെ ഭാഗമല്ല എന്നതും ശ്രദ്ധയമാണ്.

മെസി ഇല്ലെങ്കിലും മുന്നേറ്റ നിരയില്‍ ഒരു പിടി മികച്ച താരങ്ങളുമായാണ് സ്‌കലോണി ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമത്സരത്തില്‍ തന്നെ അസിസ്റ്റ് നേടി കൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്തിയ അലജാഡ്രോ ഗാര്‍നാച്ചോ, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ജൂലിയന്‍ അല്‍വാരസും, കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടിയ ഇന്റര്‍ മിലാന്റെ സൂപ്പര്‍ താരം ലൗട്ടാരോ മാര്‍ട്ടിന്‍സും അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

സെപ്റ്റംബര്‍ ആറിന് ചിലിക്കെതിരെയും സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍ ഉള്ളത്. നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ ആറു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും ഒരു തോല്‍വിയും അടക്കം 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: വാള്‍ട്ടര്‍ ബെനിറ്റസ്, ജെറോനിമോ റുല്ലി, ജുവാന്‍ മുസ്സോ, എമിലിയാനോ മാര്‍ട്ടിനെസ്.

ഡിഫന്‍ഡര്‍മാര്‍: നഹുവല്‍ മൊലിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റൈന്‍ ബാര്‍കോ.

മിഡ്ഫീല്‍ഡര്‍മാര്‍: ലിയാന്‍ഡ്രോ പാരെഡെസ്, ഗൈഡോ റോഡ്രിഗസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ജിയോവാനി ലോ സെല്‍സോ, എസെക്വേല്‍ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍.

ഫോര്‍വേഡുകള്‍: നിക്കോളാസ് ഗോണ്‍സാലസ്, അലജാന്‍ഡ്രോ ഗാര്‍നാച്ചോ, മാറ്റിയാസ് സോലെ, ജിലിയാനോ സിമിയോണി, വാലന്റൈന്‍ കാര്‍ബോണി, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ്, വാലന്റൈന്‍ കാസ്റ്റെല്ലാനോസ്.

Content Highlight: Argentina Squad For World Cup Qualifier Matches

We use cookies to give you the best possible experience. Learn more