| Wednesday, 3rd July 2024, 3:37 pm

മെസിയില്ല, പകരം നാല് ലോകകപ്പ് ജേതാക്കൾ; ഒളിമ്പിക്സ് കീഴടക്കാൻ അർജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് മുന്‍ താരമായ ഹാവിയര്‍ മഷരാനോ ബിഗ് സിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചത്. മെസി ഒളിമ്പിക്‌സിനുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്‍തോതില്‍ നിലനിന്നിരുന്നു. എന്നാല്‍ നിലവില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കൊപ്പം കളിക്കുന്ന മെസി പരിക്കിന്റെ പിടിയിലാണ്.

ചിലിക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ പരിക്കേറ്റ ഇന്റര്‍മയാമി നായകന് പിന്നീടുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് രാജകീയമായാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്.

ടീമില്‍ 2022ല്‍ അര്‍ജന്റീനക്കൊപ്പം ലോകകപ്പ് വിജയിച്ച ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്റി എന്നിവരും ഇടം നേടി. ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ നിയമപ്രകാരം 23 വയസിന് മുകളിലുള്ള മൂന്ന് താരങ്ങള്‍ക്ക് മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഒട്ടമെന്റി, അല്‍വാരസ്, ഗോള്‍കീപ്പര്‍ ജെറോനിമോ എന്നിവരാണ് ടീമില്‍ ഇടം നേടിയ 23 വയസിന് മുകളിലുള്ള താരങ്ങള്‍.

റിവര്‍ പ്ലേറ്റിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ട് ഫുട്ബാള്‍ ലോകത്തിന്റെ ശ്രദ്ധേ പിടിച്ചു പറ്റിയ ക്ലോഡിയോ എച്ചെവേരിയും ടീമിന്റെ ഭാഗമായത് ഏറെ ശ്രദ്ധേയമായി. റിവര്‍ പ്ലേറ്റിലെ മിന്നും പ്രകടനത്തിന് പിന്നാലെ അടുത്തിടെ താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു.

അതേസമയം ഒളിമ്പിക്‌സില്‍ ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അര്‍ജന്റീനക്ക് പുറമേ കഴിഞ്ഞ ഫിഫ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകള്‍ ആയ മൊറോക്കോ, ഇറാക്ക്, ഉക്രൈന്‍ എന്നീ ടീമുകളാണ് ഉള്ളത്. ജൂലൈ 24ന് നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ മൊറോക്കയെയാണ് അര്‍ജന്റീന നേരിടുക.

2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള അർജൻ്റീന സ്ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: ലിയാന്‍ഡ്രോ ബ്രെ, ജെറോണിമോ റുല്ലി.

ഡിഫന്‍ഡര്‍മാര്‍: മാര്‍ക്കോ ഡി സെസാരെ, ജൂലിയോ സോളര്‍, ജോക്വിന്‍ ഗാര്‍സിയ, ഗോണ്‍സാലോ ലുജന്‍ , നിക്കോളാസ് ഒട്ടമെന്‍ഡി, ബ്രൂണോ അമിയോണ്‍.

മിഡ്ഫീല്‍ഡര്‍മാര്‍: എസെക്വല്‍ ഫെര്‍ണാണ്ടസ്, സാന്റിയാഗോ ഹെസ്സെ, ക്രിസ്റ്റ്യന്‍ മദീന, കെവിന്‍ സെനോണ്‍.

ഫോര്‍വേഡ്സ്: ജിലിയാനോ സിമിയോണി, ലൂസിയാനോ ഗോണ്ടൗ, തിയാഗോ അല്‍മാഡ, ക്ലോഡിയോ എചെവേരി (, ജൂലിയന്‍ അല്‍വാരസ്, ലൂക്കാസ് ബെല്‍ട്രാന്‍.

Content Highlight: Argentina Squad For Paris Olympics 2024

We use cookies to give you the best possible experience. Learn more