| Friday, 19th July 2024, 1:13 pm

മെസിയോടും കൂട്ടരോടും മാപ്പ് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല; മന്ത്രിയെ പുറത്താക്കി പ്രസിഡന്റിന്റെ ഓഫീസ്

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചതില്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും (എ.എഫ്.എ) മാപ്പ് പറയണമെന്നാവശ്യപ്പെട്ട ജൂലിയോ ഗാരോയെ സ്‌പോര്‍ട്‌സ് അണ്ടര്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി പ്രസിഡന്റ് ജാവിയര്‍ മിലെയുടെ ഓഫീസ്.

കോപ്പ വിജയത്തിന് പിന്നാലെ എന്‍സോ ഫെര്‍ണാണ്ടസ് അടക്കമുള്ള താരങ്ങള്‍ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ പാട്ടുകള്‍ പാടിയിരുന്നു. ഇതിനെതിരെയാണ് ഗാരോ രംഗത്ത് വന്നത്.

‘അവരുടെ പാട്ടുകളില്‍ അശ്ലീലവും നിന്ദ്യവുമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. ഇത് ഒരു തരത്തിലും പൊറുത്തുകൊടുക്കാന്‍ കഴിയുന്നതല്ല. ഇക്കാര്യത്തില്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ പ്രസിഡന്റും ലയണല്‍ മെസിയും മാപ്പുപറയണമെന്നാണ് എനിക്ക് തോന്നുന്നത്,’ അര്‍ബന പ്ലേ എന്ന റേഡിയോ സ്‌റ്റേഷനിലൂടെ ഗാരോ പറഞ്ഞു.

ഇതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ഓഫീസ് രംഗത്തെത്തിയത്. ഒരാള്‍ എന്ത് സംസാരിക്കണമെന്ന് ഗവണ്‍മെന്റിന് തീരുമാനിക്കാന്‍ സാധിക്കില്ലെന്നും ഇക്കാരണത്താല്‍ ഗാരോയെ സ്‌പോര്‍ട്‌സ് അണ്ടര്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കുന്നു എന്നുമാണ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്.

‘ലോക ചാമ്പ്യന്‍മാരും ഡബിള്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റൈന്‍ ദേശീയ ടീമിനോടോ നാട്ടിലെ ഏതൊരു പൗരനോടോ എന്ത് പറയണം, എന്ത് ചെയ്യണം, എന്ത് ചിന്തിക്കണം എന്നെല്ലാം ആവശ്യപ്പെടാന്‍ ഗവണ്‍മെന്റിന് അധികാരമില്ല എന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിക്കുന്നു. ഇക്കാരണത്താല്‍ ജൂലിയോ ഗാരോയെ സ്‌പോര്‍ട്‌സ് അണ്ടര്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കുന്നു,’ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

അതേസമയം, തന്റെ പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നുവെന്ന് എന്‍സോ ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു.

‘അവര്‍ ഫ്രാന്‍സിനായി കളിക്കുന്നു, പക്ഷേ അവര്‍ അംഗോളയില്‍ നിന്നുള്ളവരാണ്. അവരുടെ അമ്മ നൈജീരിയക്കാരിയാണ്, അച്ഛന്‍ കാമറൂണില്‍ നിന്നുള്ളവനും. എന്നാല്‍ പാസ്പോര്‍ട്ടില്‍ അവര്‍ ഫ്രഞ്ചുകാരാണ്,’ എന്നായിരുന്നു അവര്‍ പാടിയത്. വിഷയത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ എന്‍സോ ഫെര്‍ണാണ്ടസിന്റെ ക്ലബ്ബായ ചെല്‍സിയും രംഗത്തെത്തിയിരുന്നു. എന്‍സോയെ തള്ളിക്കൊണ്ടാണ് ചെല്‍സി പ്രസ്താവനയിറക്കിയത്.

‘എല്ലാ തരത്തിലുമുള്ള വിവേചനമായ പെരുമാറ്റം പൂര്‍ണമായും സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ചെല്‍സി ഫുട്ബോള്‍ ക്ലബ്ബ് മനസിലാക്കുന്നു. വ്യത്യസ്തമായ സംസ്‌കാരങ്ങളിലും സമൂഹത്തിലും സ്വത്വത്തിനും ഉള്ള ആളുകളെ സ്വാഗതം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ഒരു ക്ലബ്ബ് ആയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

ഞങ്ങളുടെ കളിക്കാരന്‍ പരസ്യമായി ക്ഷമാപണം നടത്തിയത് ഞങ്ങള്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ക്ലബ്ബ് ഇതിനെതിരെ ഒരു അച്ചടക്ക നടപടിയെടുക്കാന്‍ തയ്യാറായിട്ടുണ്ട്,’ ചെല്‍സി ക്ലബ്ബ്പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Content highlight: Argentina sacked Sports Undersecretary Julio Garo after demanding apologies from Lionel Messi and AFA over racial chants row

We use cookies to give you the best possible experience. Learn more