ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരങ്ങളിൽ പലരും പരിക്കുകളുടെ പിടിയിലാണ്. ഇതുമൂലം വേൾഡ്കപ്പിനായുള്ള സ്‌ക്വാഡിന്റെ അന്തിമ ലിസ്റ്റ് തയ്യാറാക്കാൻ പാടുപെടുകയാണ് ടീം മാനേജ്‌മെന്റുകൾ.
ബ്രസീൽ അടക്കമുള്ള ക്ലബ്ബുകൾ തങ്ങളുടെ സ്‌ക്വാഡിന്റെ ഫൈനൽ ലിസ്റ്റ് കഴിഞ്ഞ ദിവസം ഫിഫക്ക് കൈമാറിയിരുന്നു. എന്നാൽ കടുത്ത ആശങ്കയിലാണ് ഇതിഹാസ താരം ലയണൽ മെസി നായകനായെത്തുന്ന അർജന്റൈൻ ടീം.
മെസി ഉൾപ്പെടെയുള്ള താരങ്ങൾ പരിക്കിന്റെ പിടിയിൽ നിന്ന് മോചനം നേടി വന്നിട്ടുണ്ടെങ്കിലും സൂപ്പർതാരം ജിയോവാനി ലോ സെൽസോ ലോകകപ്പ് കളിക്കില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ താരത്തിന്റെ ക്ലബ്ബായ വിയ്യാറലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പരിക്ക് മൂലം വിശ്രമത്തിൽ കഴിയുകയായിരുന്ന ലോ സെൽസോക്ക് സർജറി ആവശ്യമാണെന്ന് അറിയിച്ചതോടെയാണ് അന്തിമ തീരുമാനമെടുക്കേണ്ടി വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അർജന്റീനയുടെ മധ്യനിരയിലെ പ്രധാന താരങ്ങളിലൊരാളാണ് ലോ സെൽസോ. അദ്ദേഹത്തിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
അതേസമയം ഡി ബാല ഉൾപ്പെടെ ഇനിയും പരിക്കിൽ നിന്ന് പൂർണമായി ഭേദപ്പെട്ട് വന്നിട്ടില്ലാത്ത താരങ്ങൾക്ക് വേണ്ടി അവസാന നിമിഷം വരെ കാത്തിരിക്കുമെന്നാണ് സ്കലോണി അറിയിച്ചത്. ഡി ബാല ഏറെക്കുറെ പൂർവ സ്ഥിതിയിലെത്തിയിട്ടുണ്ടെങ്കിലും ലോ സെൽസോയുടെ കാര്യത്തിൽ പ്രതീക്ഷയില്ലെന്നാണ് റിപ്പോർട്ട്.
എന്നിരുന്നാലും, സ്‌കലോണി അർജന്റീനയുടെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. 46 താരങ്ങൾ ഉൾപ്പെട്ട പ്രാഥമിക ലിസ്റ്റ് ആയിരുന്നു ആദ്യം സ്‌കലോണി ഫിഫക്ക് നൽകിയിരുന്നത്.
കഴിഞ്ഞ ദിവസം അത് 31 ആയി ചുരുക്കുകയും വീണ്ടും 28 ആക്കി കുറക്കുകയുമായിരുന്നു. മൂന്ന് താരങ്ങളെ കൂടിയാണ് അദ്ദേഹം ഒഴിവാക്കിയിട്ടുള്ളത്. ഗോൾ കീപ്പർ യുവാൻ മുസ്സോ, തിയാഗോ അൽമാഡ, ഫാകുണ്ടോ മദീന എന്നിവരെയാണ് സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്തത്.
26 പേരുടെ ലിസ്റ്റാണ് അവസാനമായി ഫിഫക്ക് കൈമാറേണ്ടത്. അതായത് ഇനി ഈ സ്‌ക്വാഡിൽ നിന്ന് രണ്ട് താരങ്ങളെ കൂടി ഒഴിവാക്കേണ്ടതുണ്ട്.
ലോ സെൽസോ, പൗലോ ഡിബാല എന്നിവരുടെ പരിക്ക് വിവരങ്ങൾ വിശകലനം ചെയ്തതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
Content Highlights: Argentina’s Lo Celso to miss World Cup due to hamstring injury