| Thursday, 10th July 2014, 5:21 am

ഷൗട്ടൗട്ടില്‍ നെതര്‍ലാന്റിനെ കീഴടക്കി അര്‍ജന്റീന ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാവോപോള: പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഫലം നിശ്ചയിക്കേണ്ടി വന്ന ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനലില്‍ നെതര്‍ലാന്റിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍ . ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ രണ്ട് കിക്കുകള്‍ തട്ടിയകറ്റിയ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേനയുടെ മികവില്‍ 4-2നായിരുന്നു അര്‍ജന്റീനയുടെ വിജയം. 

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമിനും ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതിനെതുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അര്‍ജന്റീനക്കുവേണ്ടി കിക്കെടുത്ത ആദ്യ നാല് പേരും ബോള്‍ വലയിലെത്തിച്ചു. ലയണല്‍ മെസ്സി, എസ്‌ക്വല്‍ ഗരായ്, സെര്‍ജിയോ അഗ്യൂറോ, മാക്‌സി റോഡ്രിഗസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. 

എന്നാല്‍ ഹോളണ്ടിനായി ആര്യന്‍ റോബനും ക്യൂയിറ്റിനും മാത്രമാണ് ലക്ഷ്യം കാണാന്‍ സാധിച്ചത്. ഹോളണ്ടിന്റെ ആദ്യത്തെയും മൂന്നാമത്തെയും കിക്കുകള്‍ തട്ടിയകറ്റിയ റൊമേരോ രണ്ടര പതിറ്റാണ്ടിന് ശേഷം അര്‍ജന്റീനക്ക് ലോകക്കപ്പിന്റെ ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു. വ്‌ലൂറിന്റെയും വെസ്ലി സ്‌നൈഡറുടെയും കിക്കുകളാണ് റൊമാരോ തടുത്തിട്ടത്. 

ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഫൈനലില്‍ ജര്‍മ്മനിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. നേരത്തെ നടന്ന ആദ്യ സെമിയില്‍ 7-1ന് ആതിഥേയരായ ബ്രസീലിനെ തകര്‍ത്താണ് ജര്‍മ്മനി ഫൈനലിലെത്തിയത്. സെമിയില്‍ പരാജയപ്പെട്ട നെതര്‍ലന്റിനും ബ്രസീലിനും ഇനി മൂന്നാം സ്ഥാനത്തിനായി ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റ്മുട്ടാം. ജൂലൈ 13ന് ബ്രസീലിയയിലാണ് ലൂസേഴ്‌സ് ഫൈനല്‍.

ഏകപക്ഷീയമായ ആദ്യ സെമിഫൈനലിനെ അപേക്ഷിച്ച ഏതാണ്ട് തുല്യശ്കതികളുടെ പോരാട്ടമാണ് അര്‍ജന്റീന- ഹോളണ്ട് മത്സരത്തിലുടനീളം കാണാന്‍ കഴിഞ്ഞത്. ജര്‍മ്മനിക്കെതിരെ പ്രതിരോധിക്കാന്‍ മറന്നാണ് ബ്രസീല്‍ ഗോളുകള്‍ വാങ്ങിക്കൂട്ടിയതെങ്കില്‍ രണ്ടാം സെമിയില്‍ രണ്ട് ടീമുകളുടെയും പ്രതിരോധ നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോളുകള്‍ പിറക്കാതിരുന്നതും ഇൗ മികവ് കൊണ്ട് തന്നെയാണ്. 

ഇരു ടീമുകളും തങ്ങളുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ മെസ്സിയെയും റോബനെയും മുന്‍നിര്‍ത്തിയുള്ള ആക്രമണമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ മെസ്സിയെ തടയുന്നതില്‍ ഹോളണ്ട് താരങ്ങള്‍ വിജയിച്ചപ്പോള്‍ മറുവശത്ത് റോബനെ പന്തുമായി ശരം കണക്കെ കുതിക്കാന്‍ അര്‍ജന്റീനന്‍ നിരയും സമ്മതിച്ചിച്ചില്ല. കെട്ടുപൊട്ടിച്ച് രണ്ട് മൂന്ന് തവണ റോബന്‍ പോസ്‌ററിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും അര്‍ജന്റീനക്കായി കളം നിറഞ്ഞ് കളിച്ച ജാവിയല്‍ മഷരാനോ രക്ഷക്കെത്തി. 

ഇരു ടീമിന്റെയും പ്രതിരോധനിരയുടെ മികവ് കളിയുടെ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തമാവും. 120 മിനിട്ടും കളിച്ചിട്ടും ഗോള്‍ പോസ്റ്റിലേക്ക് മൂന്ന് ഷോട്ടുതിര്‍ക്കാനാണ് ഡച്ച് നിരക്ക് കഴിഞ്ഞുള്ളൂ. അര്‍ജന്റീനക്കാവട്ടെ അഞ്ച് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഉന്നം വെയ്ക്കാനായത്. ആദ്യ പകുതിയില്‍ അര്‍ജന്റീനക്കായിരുന്നു അല്‍പ്പം മുന്‍ തൂക്കം. 

മുന്‍ നിരയില്‍ മെസ്സിയെ പൂട്ടുന്നതിന് ഹോളണ്ട് ശ്രദ്ധ ചെലുത്തിയപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത് ലാവെസ്സി ചില  നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഒന്നും ഗോളാക്കി മാറ്റാന്‍ സഹതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇരുപത്തിയാറാം മിനിറ്റില്‍ ലാവെസ്സി എടുത്ത ഒരു കോര്‍ണര്‍ കിക്കിന് ഗാരെ തല വച്ചെങ്കിലും പന്ത് പുറത്തേക്കു പോയി. 

അമ്പത്തിയെട്ടാം മിനിറ്റില്‍ ലാവെസ്സി തൊടുത്ത സുന്ദരമായ ക്രോസിന് തല വെയ്ക്കാന്‍ ഹിഗ്വിയിന് സാധിക്കാതെ പോയി. കളിയുടെ തൊണ്ണൂറാം മിനിറ്റില്‍ റോബന്റെ മികച്ചൊരു നീക്കം അതിസമര്‍ത്ഥമായി തടുത്ത മഷറാനനോയാണ് മത്സരം അധിക സമയത്തേക്ക് നീട്ടിയത്. പെനാല്‍റ്റി ബോക്‌സില്‍ കടന്ന റോബന്‍ മൂന്ന് പ്രതിരോധനിരതാരങ്ങളെ കബളിപ്പിച്ച് പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.എന്നാല്‍ ഷോട്ട് പ്രതിരോധിക്കാനായി ഡൈവ് ചെയ്ത് വീണ മഷറാനോയുടെ കാലില്‍ തട്ടി പന്ത് കോര്‍ണറായി. 

അധികസമയത്ത് ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ഇരു ടീമും  നന്നായി പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. തൊണ്ണൂറ്റിയെട്ടാം മിനിറ്റില്‍ റോബന്റെ ഒരു ലോങ് റേഞ്ചര്‍ വോളി റോമിറസ് കയ്യിലൊതുക്കി. എക്‌സട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ അര്‍ജന്റീനക്ക് ഒരു സുവര്‍ണാവസരം കൈവന്നു. നൂറ്റി പതിനഞ്ചാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ കടന്ന പകരക്കാരനായിറങ്ങിയ പൊളാസിയോക്ക് മുന്നില്‍ ഗോളി മാത്രമാണ് ഉണ്ടായിരുന്നത്. 

എന്നാല്‍ അര്‍ജന്റീനന്‍ താരത്തിന്റെ ദുര്‍ബലമായ ഹെഡ്ഡര്‍ ഡച്ച് ഗോളി കൈപ്പിടിയിലൊതുക്കി. പെനാല്‍റ്റിയിലേക്ക് നീണ്ടപ്പോള്‍ ക്വാര്‍ട്ടറില്‍ കോസ്റ്റാറിക്കക്കെതിരെ നേടിയ വിജയം ആവര്‍ത്തിക്കാമെന്ന് ഒരു പക്ഷെ ഡച്ച് പട കരുതികാണും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. സെര്‍ജിയോ റൊമേരോ നീട്ടിയ കൈകളില്‍ തട്ടി തുടര്‍ച്ചയായ രണ്ടാം ലോകക്കപ്പിന്റെ ഫൈനലിലെത്താമെന്ന ഡച്ച് മോഹം തകര്‍ന്നടിഞ്ഞു.

We use cookies to give you the best possible experience. Learn more