| Saturday, 5th October 2024, 10:05 pm

അര്‍ജന്റീന പ്രസിഡന്റിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം അമേരിക്കന്‍ ഷോയിലെ സംഭാഷണം കോപ്പിയടിച്ചതെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്യൂണസ് ഐറിസ്: അടുത്തിടെ അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം പ്രശസ്ത അമേരിക്കന്‍ ഷോയിലേത് കോപ്പിയടിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നാടകങ്ങളിലൊന്നായ ‘ദ വെസ്റ്റ് വിങ്’ ല്‍ അമേരിക്കന്‍ പ്രസിഡന്റായി അഭിനയിച്ച ജെഡ് ബാര്‍ലറ്റിന്റെ കഥാപാത്രം പറയുന്ന ഡയലോഗുകളാണ് മിലെയുടേതായി സാമ്യമുള്ളത്.

ബ്യൂണസ് ഐറിസ് ഹെറാള്‍ഡ് എന്ന പത്രത്തിലെ ലേഖകനായ കാര്‍ലോസ് പഗ്‌നി എന്ന ലേഖകനാണ് ഈ സാമ്യതയെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

‘ഞങ്ങള്‍ എല്ലാവരുടേയും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. എല്ലാവരുടേയും ആരാധനാ സ്വാതന്ത്രത്തിലും വിശ്വസിക്കുന്നു. എല്ലാവരുടേയും വാണിജ്യ സ്വാതന്ത്ര്യത്തിലും ഗവണ്‍മെന്റുകളുടെ മിതമായ നിയന്ത്രണങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു,’ മിലെ സെപ്റ്റംബര്‍ 24ന് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം ദ വെസ്റ്റ് വിങില്‍ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റേയോ സാമ്പത്തിക അടിമത്തത്തിന്റെയോ പേരില്‍ ആരും സ്വേച്ഛാധിപത്യത്തിന്റെ അടിച്ചമര്‍ത്തലില്‍ പെട്ട് പോകരുതെന്നും സ്വതന്ത്രമായി ജീവിക്കണമെന്നും തങ്ങള്‍ വിശ്വസിക്കുന്നതായി ബാര്‍ട്ട്‌ലെറ്റിന്റെ കഥാപാത്രം പറയുന്നത്.

ഈ സ്വതാന്ത്ര്യം നയതന്ത്രപരമായും സാമ്പത്തികമായും ഭൗതികമായും വേണമെന്നും കഥാപാത്രം അവകാശപ്പെടുന്നുണ്ട്.
ഷോയുടെ നാലാം സീസണിലെ പതിനഞ്ചാം സീസണിലാണ് ഈ ഡയലോഗുകള്‍ പറയുന്നത്. നടന്‍ മാര്‍ട്ടില്‍ ഷീന്‍ ആണ് ബാര്‍ട്ട്‌ലെറ്റിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മിലെയുടെ ഉപദേശകനായ സാന്റിയാഗോ കപുട്ടോ ഈ ഷോയുടെ വലിയ ആരാധകനായാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹമാണ് ഈ പ്രസംഗം മിലെയ്ക്ക് തയ്യാറാക്കി കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. മിലെയുടെ ഈ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.

തിരക്കഥാകൃത്ത് ആരോണ്‍ സോര്‍കിന്‍ സൃഷ്ടിച്ച, ദി വെസ്റ്റ് വിങ് എന്ന ഷോ 1999 മുതല്‍ 2006 വരെയായാണ് സ്ട്രീം ചെയ്തത്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബുകളും 26 പ്രൈംടൈം എമ്മികളും ഈ പ്രോഗ്രാം നേടിയിരുന്നു.

Content Highlight: Argentina President Javier Milei’s speech at UN speech accused for copying dialogue from hit American Show

Latest Stories

We use cookies to give you the best possible experience. Learn more