തനിക്ക് നേരെ വന്ന ആദ്യത്തെ രണ്ട് കിക്കുകളും അര്‍ജന്റീനയുടെ ഗോള്‍കീപ്പറായ മാര്‍ട്ടിനേസ് തടുത്തിട്ടു! അയാള്‍ക്കൊപ്പം സ്റ്റേഡിയത്തിലെ അര്‍ജന്റീന ആരാധകരും ആനന്ദനൃത്തമാടി! നീലപ്പടയുടെ ആദ്യത്തെ കിക്ക് എടുത്തത് അവരുടെ നായകന്‍ തന്നെയായിരുന്നു. ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭാരവും അയാളുടെ ചുമലുകളിലായിരുന്നു.
തന്നെ ഉറ്റുനോക്കുന്ന ലാറ്റിനമേരിക്കയിലെ ജനസമൂഹത്തെ അയാള്‍ കാണുന്നുണ്ടായിരുന്നു. ആ കാലുകള്‍ വിറയ്ക്കുമെന്ന് ഡച്ച് ഗോളി നോപ്പെര്‍ട്ട് സ്വാഭാവികമായും മോഹിച്ചിട്ടുണ്ടാവണം!
കാണികള്‍ ആര്‍ത്തുവിളിച്ചു-‘‘കമോണ്‍ മെസീ, ഞങ്ങള്‍ക്കുവേണ്ടി ആ ലക്ഷ്യം ഭേദിക്കൂ…! ”
ഒരു പുഷ്പം പറിക്കുന്ന ലാഘവത്തോടെ മെസി കിക്ക് തൊടുത്തു. നോപ്പെര്‍ട്ടിന് തലനാരിഴയുടെ സാധ്യത പോലും ഉണ്ടായിരുന്നില്ല! പന്ത് വലയെ ചുംബിച്ചു! ഒരു ചാമ്പ്യനെപ്പോലെ മെസി ഇരുകരങ്ങളും ഉയര്‍ത്തിനിന്നു!
പെനാല്‍റ്റി ഷൂട്ടൗട്ടിലെ താരം മാര്‍ട്ടിനേസ് തന്നെയായിരുന്നു. പക്ഷേ അര്‍ജന്റീനയുടെ കപ്പിത്താന്‍ കളിയിലുടനീളം ഒരു ജേതാവിന്റെ ആറ്റിറ്റിയൂഡാണ് പ്രദര്‍ശനത്തിനുവെച്ചത്. ആ മനോഭാവമാണ് അര്‍ജന്റീനയ്ക്ക് വിജയം കൊണ്ടുവന്നത്!
പുരാണത്തില്‍ ഒരു കഥയുണ്ട്. ഹിരണ്യകശിപു എന്ന അസുരരാജാവ് കഠിനമായ തപസ്സ് ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. സന്തുഷ്ടനായ ബ്രഹ്മാവ് ഭക്തനെ ആശീര്‍വദിച്ചു-
‘മനുഷ്യരോ പക്ഷിമൃഗാദികളോ നിന്നെ തോല്‍പ്പിക്കുകയില്ല. പകലോ രാത്രിയോ നീ പരാജയപ്പെടില്ല. വീടിനുള്ളില്‍വെച്ചോ പുറത്തുവെച്ചോ നീ വധിക്കപ്പെടില്ല. നിന്റെ കായികബലം നൂറിരട്ടിയാവുകയും ചെയ്യും”
ഏതാണ്ട് അമരത്വം തന്നെയാണ് ഹിരണ്യകശിപുവിന് അനുവദിച്ചുകിട്ടിയത്! അസാധാരണമായ ഒരു മാര്‍ഗത്തിലൂടെ മാത്രമേ അയാളെ കീഴടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെയാണ് മഹാവിഷ്ണുവിന്റെ നരസിംഹാവതാരം പിറവികൊണ്ടത്!
ഒരു സന്ധ്യാസമയത്താണ് ഹിരണ്യകശിപുവിന്റെ മുന്നില്‍ നരസിംഹം ചാടിവീഴുന്നത്. മനുഷ്യന്റെ ഉടലും സിംഹത്തിന്റെ ശിരസും ഉണ്ടായിരുന്ന അവതാരം ഉമ്മറപ്പടിയിലിട്ടാണ് ശത്രുവിനെ വധിക്കുന്നത്! ബ്രഹ്മാവ് നല്‍കിയ എല്ലാ വരങ്ങളെയും അപ്രസക്തമാക്കിയ രൂപാന്തരം!
സമീപകാലത്ത് നെതര്‍ലന്‍ഡ്‌സ് ടീമിനും ഒരു വരം ലഭിച്ചിരുന്നു. അത് നല്‍കിയത് അവരുടെ പരിശീലകനായ ലൂയി വാന്‍ഗാലാണ്!
2020ലെ യൂറോ കപ്പില്‍ നെതര്‍ലന്‍ഡ്‌സ് പരിതാപകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. അതിനുശേഷമാണ് ഓറഞ്ച് പടയുടെ കടിഞ്ഞാണ്‍ വാന്‍ ഗാല്‍ ഏറ്റെടുത്തത്. അതോടെ തോല്‍വി എന്ന വാക്ക് അവരുടെ പദാവലിയില്‍നിന്ന് അപ്രത്യക്ഷമായി. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വാന്‍ഗാലിന്റെ സൈന്യം പരാജയമറിയാതെ 19 മാച്ചുകള്‍ പൂര്‍ത്തിയാക്കിയിരുന്നു!
ഒരു സാധാരണ പ്രകടനം കൊണ്ട് ഡച്ച് പടയെ മറികടക്കാനാവില്ലായിരുന്നു. അതിന് ആധുനിക ലോകത്തിന്റെ നരസിംഹാവതാരം തന്നെ ആവശ്യമായിരുന്നു! ആ വേഷപ്പകര്‍ച്ചയ്ക്ക് അനുയോജ്യനായ ഒരുവന്‍ അര്‍ജന്റീനയുടെ നിരയിലുണ്ടായിരുന്നു. അയാളുടെ പേര് മെസി എന്നായിരുന്നു. വാന്‍ഗാല്‍ മെസിയ്‌ക്കെതിരെ ഒരുപാട് കൂരമ്പുകള്‍ തൊടുത്തുവിട്ടിരുന്നു. മെസിയുടെ ദൗര്‍ബല്യം എന്താണെന്ന് തനിക്കറിയാമെന്നും 2014 ലോകകപ്പിലെ സെമിഫൈനല്‍ തോല്‍വിയുടെ പക വീട്ടുമെന്നും വാന്‍ഗാല്‍ തുറന്നടിച്ചു. കഴിഞ്ഞ തവണ ഞങ്ങള്‍ക്കെതിരെ കളിച്ചപ്പോള്‍ മെസ്സിയ്ക്ക് പന്ത് ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിച്ചിരുന്നില്ല എന്നുവരെ വാന്‍ഗാല്‍ പറഞ്ഞുകളഞ്ഞു!
വാന്‍ഗാലിന്റെ പരുഷമായ വാക്കുകള്‍ക്ക് മെസി ഒരു മറുപടി എഴുതി. പച്ചപ്പുല്‍മൈതാനത്ത് രചിച്ച അതിസുന്ദരമായൊരു ഫുട്‌ബോള്‍ കവിത!
മൊലീന നേടിയ ഗോളിന് വഴിയൊരുക്കുകയാണ് മെസി ആദ്യം ചെയ്തത്. മൂന്ന് ഓറഞ്ച് ജഴ്‌സിക്കാര്‍ വട്ടംകൂടിനിന്ന സമയത്ത് മുഖമുയര്‍ത്തി നോക്കുക പോലും ചെയ്യാതെ ഒരു ത്രൂ-ബോള്‍! ആരും കാണാത്ത ഒരു ആംഗിള്‍ മെസി കണ്ടെത്തി! ആ മായാജാലം കണ്ട് ലോകം തരിച്ചുനിന്നു!
അടുത്തത് ഒരു പെനാല്‍റ്റിയായിരുന്നു. കളി തുടങ്ങുന്നതിനുമുമ്പ് ഡച്ച് ഗോളി നോപ്പെര്‍ട്ട് ഒരു കാര്യം പറഞ്ഞിരുന്നു-
‘മെസിയും മനുഷ്യനാണ്. അയാളുടെ കിക്ക് തടുക്കാന്‍ എനിക്ക് കഴിഞ്ഞേക്കും…!” എന്നാല്‍ മെസ്സി പെനാല്‍റ്റി എടുത്തപ്പോള്‍ നോപ്പെര്‍ട്ടിന് ഒന്ന് അനങ്ങാന്‍ പോലും സാധിച്ചില്ല! ! മെസി ഒരു സാധാരണ മനുഷ്യനല്ലെന്ന് ആ നിമിഷത്തില്‍ നോപ്പെര്‍ട്ടിന് ബോധ്യമായിട്ടുണ്ടാവണം.
എങ്കിലും വാന്‍ഗാലിന്റെ വരം കിട്ടിയ നെതര്‍ലന്‍ഡ്‌സ് അടിയറവ് പറഞ്ഞില്ല. അവരുടെ രണ്ട് ഷോട്ടുകള്‍ നീലപ്പടയുടെ മര്‍മ്മത്ത് തന്നെ കൊണ്ടു! വിജയം ആഘോഷിക്കാന്‍ തുടങ്ങുകയായിരുന്ന അര്‍ജന്റീനയുടെ ഹൃദയം പിളര്‍ന്നു! കളി അധികസമയത്തിലേയ്ക്ക് നീണ്ടു!
ഒരു യുദ്ധം നടക്കുകയാണ് എന്ന പ്രതീതിയാണ് കാണികള്‍ക്കുണ്ടായത്. അര്‍ജന്റീനയുടെ അസിസ്റ്റന്റ് കോച്ചിനും നെതര്‍ലന്‍ഡ്‌സിന്റെ ബെഞ്ചിലിരുന്ന പകരക്കാരനും വരെ മഞ്ഞക്കാര്‍ഡ് കിട്ടി! കൂട്ടത്തല്ലിനുപോലും കളമൊരുങ്ങി ആ നിലക്ക് കളിക്കാരുടെ മേല്‍ എത്രമാത്രം സമ്മര്‍ദ്ദം ഉണ്ടായിരുന്നിരിക്കണം
മെസിയുടെ രക്തവും ഭൂമിയില്‍ വീണു! ഹോളണ്ടിന്റെ ടിമ്പറുമായി ഉണ്ടായ കൂട്ടിയിടിയില്‍ മെസിയ്ക്ക് പരിക്കേറ്റു. ആ ചുണ്ടുകളില്‍നിന്ന് ചോര ഒലിച്ചിറങ്ങി! മെസിയെ അവര്‍ ചവിട്ടിവീഴ്ത്തി!
പക്ഷേ മെസി കുലുങ്ങിയില്ല. ഈ മത്സരം പിടിച്ചെടുക്കാം എന്ന ആത്മവിശ്വാസമാണ് അയാളുടെ മുഖത്ത് തെളിഞ്ഞത്! അതിന്റെ പൂര്‍ണത പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാണുകയും ചെയ്തു.
വേണമെങ്കില്‍ മെസ്സിയ്ക്ക് വാന്‍ഗാലിനോട് ചോദിക്കാം-
‘എനിക്ക് പന്ത് തൊടാന്‍ അറിയാമെന്ന കാര്യം ഇനിയെങ്കിലും അംഗീകരിക്കാമോ!?’
നെതര്‍ലന്‍ഡ്‌സിന്റെ പ്രതിരോധത്തിന്റെ തൂണുകള്‍ പിളര്‍ന്നാണ് മെസിയുടെ നരസിംഹാവതാരം പുറത്തേയ്ക്ക് വന്നത്! പെനാല്‍റ്റി ബോക്‌സ് എന്ന ഉമ്മറപ്പടിയില്‍ വെച്ച് ഓറഞ്ച് ആര്‍മ്മിയുടെ നെഞ്ചാണ് പിളര്‍ത്തിയത്.
Content Highlight: Argentina- Netherlands world cup quarter final write up by sandeep das