ബ്യൂണസ് ഐറിസ്: ഇസ്രാഈലുമായുള്ള സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍നിന്ന് പിന്മാറി അര്‍ജന്റീന. ഇസ്രാഈലുമായുള്ള മത്സരത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഫലസ്തീനിലെ അല്‍ ഖാദര്‍ ഫുട്ബാള്‍ ക്ലബ് അര്‍ജന്റീന ടീം അധികൃതര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് ടീമിന്റെ നടപടി.
ഈ മാസം ആറിന് ഇസ്രാഈലിലെ ഹൈഫയിലെ സാമി ഓഫെര്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഉപേക്ഷിച്ചത്. ബ്യൂണസ് ഐറിസില്‍ നടന്ന നീണ്ട പരിശീലനങ്ങള്‍ക്കും 2.5 മില്യണ്‍ ഡോളറിന്റെ ധനസമാഹരണത്തിനും ശേഷമാണ് അര്‍ജന്റീന ടീമിന്റെ പിന്മാറ്റം.
നാല് വര്‍ഷം മുമ്പ് ജറുസലേമില്‍ നടക്കാനിരുന്ന പ്രീ-വേള്‍ഡ് കപ്പ് സന്നാഹ മത്സരവും അര്‍ജന്റീന ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രാഈലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറുന്നത്. സ്റ്റേഡിയത്തില്‍ ഫലസ്തീന്‍ ഭീഷണി ഉണ്ടാകുമെന്ന് കരുതിയാണ് അര്‍ജന്റീന പിന്‍മാറിയതെന്ന് അന്ന് ഇസ്രാഈല്‍ ആരോപിച്ചിരുന്നു.
അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബു ആഖിലയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നതും
അല്‍ ഖാദര്‍ എഫ്.സിയുടെ 19കാരനായ താരം മുഹമ്മദ് ഗനീമിനെ ഏപ്രിലില്‍ ഇസ്രാഈലി സൈന്യം കൊലപ്പെടുത്തിയതിന്റെയും പശ്ചാത്തലത്തിലാണ് ടീമിന് മത്സരത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച സമ്മര്‍ദ്ദമുയര്‍ന്നത്.
അര്‍ജന്റീന പിന്മാറിയതിനെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ സ്വാഗതം ചെയ്തു.
അതേസമയം, യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇന്ന് പരസ്പരം ഏറ്റുമുട്ടും. രണ്ട് ചാമ്പ്യന്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന പോരാട്ടത്തെ ഫൈനലിസിമ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇന്ത്യന്‍ സമയം രാത്രി 12.15 ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ചിരവൈരികളായ ബ്രസീലിനെ മുട്ടുകുത്തിച്ചാണ് കിരീടം നേടിയത്.