| Sunday, 27th November 2022, 2:27 am

ഉയര്‍ത്തെഴുന്നേറ്റു; നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് അര്‍ജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോക്കെതിരെ അര്‍ജന്റീനക്ക് വിജയം. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. സൂപ്പര്‍ താരം ലയണല്‍ മെസി, എന്‍സോ ഫെര്‍ണണ്ടസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.

64ാം മിനിട്ടിലായിരുന്നു മെസിയിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍. 87ാ മിനിട്ടിലാണ് ഫെര്‍ണണണ്ടസ് വല കുലുക്കിയത്. ഗ്രൗണ്ടിന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ബോക്‌സിന് പുറത്തു നിന്ന് അനായാസം വലയിലെത്തിക്കുകയായിരുന്നു മെസി. ഈ ലോകകപ്പിലെ മെസിയുടെ രണ്ടാമത്തെ ഗോളാണിത്.

മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഇനി ഡിംസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം

ആദ്യ പകുതിയില്‍ മെക്‌സിക്കന്‍ ആധിപത്യം

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു അവസാനിച്ചത്. ആദ്യ 30 മിനിട്ടില്‍ അര്‍ജന്റീനക്ക് ഗോളിനുള്ള ഒരു ശ്രമം പോലും നടത്താനായില്ല. മെക്സിക്കോ അര്‍ജന്റീനിയന്‍ ബോക്‌സില്‍ ആക്രമിച്ച് കളിക്കുന്നതിന് ആദ്യ പകുതി സാക്ഷിയായി.

ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ ഫ്രീകിക്ക് സേവടക്കമുള്ള പ്രകടമായിരുന്നു അര്‍ജന്റീനക്ക് ഈഘട്ടത്തില്‍ ഗുണം ചെയ്തത്.

34ാം മിനിട്ടില്‍ മെസിയെടുത്ത ഫ്രീകിക്ക് മെക്‌സിക്കോ ഗോള്‍ കീപ്പര്‍ ഗില്ലെര്‍മോ ഒച്ചാവോ തട്ടിയകറ്റി. 22ാം മിനിട്ടില്‍ മെക്സിക്കോയുടെ നെസ്റ്റര്‍ അരാഹോയ്ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.

മാറ്റങ്ങളോടെ അര്‍ജന്റീന

അര്‍ജന്റീന 4-2-3-1 ഫോര്‍മാറ്റിലും മെക്‌സിക്കോ 3-5-2 ഫോര്‍മാറ്റിലുമാണ് ടീം ഒരുക്കിയിരുന്നത്. ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അകുന, നഹ്വെല്‍ മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മോണ്‍ഡിയല്‍, ലിയാന്‍ഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്സിസ് മാക് അല്ലിസ്റ്റര്‍ എന്നിവരെയായിരുന്നു ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നത്.

36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി വിശ്വകിരീടം നേടാന്‍ ഖത്തറിലെത്തിയ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരം സമ്മാനിച്ചിരുന്നത്. സൗദി അറേബ്യയായിരുന്നു 2-1 അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നത്.

മെസിയുടെ 21ാം ലോകകപ്പ് മത്സരം

ക്യാപ്റ്റന്‍ ലയണല്‍ മെസി അര്‍ജന്റീനക്കായി കളിക്കുന്ന 21ാമത്തെ ലോകകപ്പ് മത്സരമാണിത്. ഇതോടെ ഇത്രതന്നെ ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനക്കായി കളത്തിലിറങ്ങിയ ഇതിഹാസ താരം മറഡോണക്കൊപ്പമെത്താന്‍ മെസിക്കായി.

മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. ഇതുവരെ ഏഴ് ഗോളുകളാണ് താരം നേടിയത്. 2006 മുതലുള്ള ലോകകപ്പില്‍ മെസിയുടെ സാന്നിധ്യമുണ്ട്. ഇതില്‍ 2010ലെ ലോകകപ്പിലൊഴികെ എല്ലാ ലോകകപ്പിലും ഗോള്‍നേടാന്‍ മെസിക്കായിരുന്നു.

CONTENT HIGHLIGHT:  Argentina Mexico  match update, first report

We use cookies to give you the best possible experience. Learn more