ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ല, ഇത് അവന്റെ അവസാന ലോകകപ്പായിരിക്കാം; മെസിയെ കുറിച്ച് അര്‍ജന്റൈന്‍ കോച്ച്
Football
ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ല, ഇത് അവന്റെ അവസാന ലോകകപ്പായിരിക്കാം; മെസിയെ കുറിച്ച് അര്‍ജന്റൈന്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 10:03 pm

ഖത്തറില്‍ നടക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പ് ലയണല്‍ മെസിയുടെ അവസാന ലോകകപ്പായിരിക്കാമെന്ന് അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരം വിശ്വകിരീടം നേടാനുള്ള മെസിയുടെ അവസാന അവസരമാകാമെന്നാണ് സ്‌കലോണി പറയുന്നത്.

ടി.എന്‍.ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തെ ഉദ്ദരിച്ച് മുണ്ടോ ആല്‍ബിസെലസ്റ്റ്, സ്‌പോര്‍ട് കീഡയടക്കമുള്ള പ്രമുഖ കായിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മെസി നിരവധിയാളുകളെയാണ് സന്തോഷിപ്പിച്ചത്. അര്‍ജന്റീനക്കാരെ മാത്രമല്ല ലോകത്തെയൊന്നാകെ. ഇത് അവന്റെ അവസാന ലോകകപ്പായിരിക്കാം… അങ്ങനെ തന്നെയാകാം.. അങ്ങനെയാവരുതെന്ന് പ്രതീക്ഷിക്കുന്നു… അവന്‍ കളിക്കുമ്പോള്‍ ഏറെ സന്തോഷവാനാണെന്നും നിരവധിയാളുകളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നും ഞാന്‍ കരുതുന്നു,’ സ്‌കലോണി പറയുന്നു.

‘നമ്മളവനെ വിളിച്ചാല്‍, വിളിക്കേണ്ടതുപോലെ വിളിച്ചാല്‍ അവന് ഇനിയും ഒട്ടേറെ മത്സരങ്ങളുണ്ടാവാം. കാരണം ലോക ഫുട്‌ബോള്‍ അത് ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തവുമാണ്,’ അഭിമുഖത്തില്‍ സ്‌കലോണി കൂട്ടിച്ചേര്‍ത്തു.

മെസിയുടെ വളര്‍ച്ചയില്‍ താരത്തിനൊപ്പം നിന്ന കോച്ചാണ് ലയണല്‍ സ്‌കലോണി. 2006 ലോകകപ്പ് മുതല്‍, മെസിയുടെ 18ാം വയസുമുതല്‍ സ്‌കലോണി മെസിക്കൊപ്പമുണ്ടായിരുന്നു.

തുടര്‍ച്ചയായ 35 ഗെയിമുകള്‍ ജയിച്ച് അപരാജിത കുതിപ്പുമായാണ് സ്‌കലോണിയും സംഘവും ഖത്തറിലേക്കെത്തുന്നത്. 2019 കോപ്പാ അമേരിക്കയുടെ ലൂസേഴ്‌സ് ഫൈനലില്‍ തോറ്റതിന് ശേഷം സ്‌കലോണിയുടെ കുട്ടികള്‍ പരാജയം രുചിച്ചിട്ടില്ല.

 

 

ഈ അപരാജിത കുതിപ്പില്‍ അര്‍ജന്റീനയെ കോപ്പാ അമേരിക്കയും ഫൈനലിസീമയുമടക്കമുള്ള കിരീടങ്ങള്‍ ചൂടിക്കാനും മെസിക്കും സ്‌കലോണിക്കും സാധിച്ചിരുന്നു. ഖത്തറില്‍ നടക്കുന്ന ലോകകപ്പിലും കിരീടം ചൂടിച്ച് അര്‍ജന്റീനയെ ഒരിക്കല്‍ക്കൂടി വിശ്വവിജയികളാക്കാനാണ് സ്‌കലോണിയും മെസിയും ഒരുങ്ങുന്നത്.

അതേസമയം, 2022 ലോകകപ്പില്‍ അര്‍ജന്റീന കിരീടം ചൂടുമെന്നാണ് ഈ.എ സ്‌പോര്‍ട്‌സിന്റെ പ്രവചനം. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെയും വിജയികളെ ഇ.എ സ്‌പോര്‍ട്‌സ് കൃത്യമായി പ്രവചിച്ചിരുന്നു. ഇ.എ സ്‌പോര്‍ട്‌സിന്റെ പ്രവചനത്തിന് പിന്നാലെ അര്‍ജന്റൈന്‍ ആരാധകരൊന്നാകെ ആവേശത്തിലാണ്.

ലോകകപ്പില്‍ നടക്കുന്ന 64 മത്സരങ്ങളുടെ ഫലങ്ങളും അടിസ്ഥാനമാക്കി ലയണല്‍ മെസി തന്നെ ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കുമെന്നും ഇഎ സ്‌പോര്‍ട്‌സ് പ്രവചിക്കുന്നു.

നവംബര്‍ 23ന് സൗദി അറേബ്യക്കെതിരായ മത്സരത്തോടെയാണ് അര്‍ജന്റീന ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിക്കുന്നത്.

 

Content Highlight: Argentina manager Lionel Scaloni has admitted that the 2022 FIFA World Cup in Qatar could be Lionel Messi’s last appearance in the competition