2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പരാഗ്വേ. അന്റോണിയോ സനബ്രിയ (19ാം മിനിട്ടില്‍), ഒമര്‍ അല്‍ദരേതെ (47ാം മിനിട്ടില്‍) എന്നിവരാണ് പരാഗ്വേക്ക് വേണ്ടി ഗോള്‍ നേടിയത്.
അര്‍ജന്റീനയ്ക്ക് വേണ്ടി 11ാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് തകര്‍പ്പന്‍ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് ഗോള്‍വേട്ടയില്‍ പരാഗ്വേ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
അര്‍ജന്റീയുടെ വീക്ക് പോയിന്റുകള്‍ കൃത്യമായി മുതലെടുത്താണ് പാരാഗ്വേ ഗോള്‍ കണ്ടെത്തിയത്. ടാര്‍ഗറ്റിലേക്ക് എട്ട് തവണ പരാഗ്വേ ഉന്നം വെച്ചപ്പോള്‍ അര്‍ജന്റീന ഒമ്പത് തവണയും ശ്രമിച്ചു. മാത്രമല്ല ബോള്‍ കൈവശം വെക്കുന്നതിലും പാസിലുമെല്ലാം അര്‍ജന്റീന മുന്നിലായിരുന്നിട്ടും എതിരാളികള്‍ക്ക് മുന്നില്‍ തലകുനിക്കുകയായിരുന്നു.
കളിക്കളത്തില്‍ റൈറ്റ് വിങ്ങില്‍ ഇറങ്ങിയ മെസിയെ പൂട്ടിക്കൊണ്ടായിരുന്നു എതിരാളികള്‍ തന്ത്രം മെനഞ്ഞത്. ഇതോടെ മത്സര ഫലത്തില്‍ മാറ്റം കൊണ്ടുവരുന്നതിലും അര്‍ജന്റീനന്‍ മാലാഖയ്ക്ക് സാധിച്ചില്ല.
മാത്രമല്ല എം.എല്‍.എസില്‍ തന്റെ ക്ലബ്ബായ ഇന്റര്‍മയാമിക്ക് വേണ്ടിയും കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട മെസിയുടെ ഫോമിനെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
നിലവില്‍ 2026 ഫിഫ ലോകകപ്പ് യോഗ്യതാ പട്ടികയില്‍ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 22 പോയിന്റ് സ്വന്തമാക്കി അര്‍ജന്റീന തന്നെയാണ് മുന്നില്‍.
രണ്ടാം സ്ഥാനത്ത് കൊളംബിയയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. നിലവില്‍ പരാഗ്വേ 11 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റ് സ്വന്തമാക്കി.
Content Highlight: Argentina Lose Against Paraguay In 2026 World Cup Qualifiers