ഖത്തറിലേത് തന്റെ അവസാന ലോകകപ്പായേക്കുമെന്ന് വീണ്ടും തുറന്നുപറഞ്ഞ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയുമായി ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘കരിയറിലുടനീളം ചെയ്തതുപോലെ ഈ ടൂര്‍ണമെന്റിനായും കഴിയാവുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്. അല്ലാതെ പ്രത്യേകമായി ഈ ലോകകപ്പിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. എന്നാല്‍ ശാരീരികമായും മാനസികമായും സന്തോഷമായാണ് ഞാന്‍ ഖത്തറിലെത്തിയത്.
ഇതൊരു പ്രത്യേക നിമിഷമാണ്. മിക്കവാറും ഇതെന്റെ അവസാന ലോകകപ്പായിരിക്കും. എന്റെ സ്വപ്നം, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള എന്റെ അവസാന അവസരമാണിത്,’ മെസി പറഞ്ഞു.
നിലവിലെ സ്വക്വാഡില്‍ വിശ്വാസമുണ്ടെന്നും 2014ലെ ലോകകപ്പ് സ്‌ക്വാഡിനെ ഓര്‍മിപ്പിക്കും വധമാണ് ഈ ടീമിനെ കാണുന്നതെന്നും മെസി പറഞ്ഞു.
‘ഈ സ്‌ക്വാഡ് എനിക്ക് 2014ലെ ടീമിന്റെ ഓര്‍മകള്‍ നല്‍കുന്നു, അത് വളരെ ശക്തമായ ടീമായിരുന്നു.
ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യത്തിലായിരുന്നു, ഒരോ മത്സരത്തിലും എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക്
ഓരോരുത്തര്‍ക്കും വ്യക്തതയുണ്ടായിരുന്നു. നിലവില്‍ ടീമിന്റെ മികച്ച ഫോം ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്,’ മെസി പറഞ്ഞു.
താന്‍ കാരണം അര്‍ജന്റീന ലോകകപ്പ് നേടണമെന്ന് അര്‍ജന്റീനക്കാരല്ലാത്ത പലരും ആഗ്രഹിക്കുന്നത് സന്തോഷകരമാണ്. അതില്‍ താന്‍ നന്ദിയുള്ളവനാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെസിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പാണ് ഖത്തറിലേത്. അഞ്ച് ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കളിക്കുന്ന താരവുമാണ് മെസി.
36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ഇത്തവണ ഖത്തര്‍ ലോകകപ്പിനിറങ്ങുന്നത്. തുടര്‍ച്ചയായി പരാജയം അറിയാതെ മെസിക്കും സംഘത്തിനും മുന്നേറാനായത് ഖത്തറിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നവംബര്‍ 22ന് സൗദി അറേബ്യയുമായാണ് അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.
CONTENT HIGHLIGHT: Argentina legend Lionel Messi once again revealed that Qatar could be his last World Cup