football news
അനുമതിയില്ലാതെ സൗദിയിലേക്ക് പോയി; മെസിയെ സസ്‌പെന്റ് ചെയ്ത് പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 03, 02:40 am
Wednesday, 3rd May 2023, 8:10 am

അര്‍ജന്റൈന്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ലയണല്‍ മെസിയെ സസ്‌പെന്റ് ചെയ്ത് പാരീസ് സെയ്ന്റ് ജര്‍മ്മന്‍. പി.എസ്.ജിയുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന്റെ പേരിലാണ് താരത്തിനെതിരെ നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

ഈ സമയത്ത് മെസിക്ക് ക്ലബ്ബില്‍ കളിക്കാനും പരിശീലിക്കാനും അനുമതിയുണ്ടാകില്ല. കൂടാതെ ഇത്ര ദിവസത്തെ പ്രതിഫലവും ക്ലബ്ബ് നല്‍കില്ല. ഇതോടെ ലീഗ് വണ്ണിലെ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിക്ക് ഈ സീസണില്‍ ഇനി മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കാനാകൂ.

രാജ്യത്തെത്തിയ മെസിയുടെ ചിത്രങ്ങള്‍ സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പങ്കാളിക്കുംം മക്കള്‍ക്കുമൊപ്പമാണ് മെസി സൗദി സന്ദര്‍ശിച്ചത്. മെസി സൗദിയില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതര്‍ നിഷേധിച്ചെന്നും തുടര്‍ന്ന് താരം സ്വമേധയാ പോവുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണല്‍ മെസി. അനുമതിയില്ലാതെ അംബാസിഡറായതിന് ക്ലബ്ബിന് മെസി പിഴ നല്‍കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി.എസ്.ജിയുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ താരം ക്ലബ് വിട്ടേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നടപടി സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്.

 

Content Highlight: Argentina legend and World Cup winner Lionel Messi suspended by Paris Saint-Germain