28 വര്‍ഷങ്ങള്‍ക്ക് ശേഷം കോപ്പാ അമേരിക്ക കിരീടം, ഫൈനലിസിമ്മയില്‍ ഇറ്റലിയെ തകര്‍ത്ത് കൊണ്ട് കിരീടം. സ്വപ്‌നതുല്യമായ കാലഘട്ടത്തിലൂടെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം മുന്നോട്ട് നീങ്ങുന്നത്.
ക്യാപ്റ്റന്‍ ലയണല്‍ മെസിയും കോച്ച് ലയണല്‍ സ്‌കലോനിയും അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. 28 വര്‍ഷങ്ങളോളം കപ്പ് ഇല്ലാതിരുന്ന അര്‍ജന്റീനയെ കോപ്പ കിരീടം അണിയിച്ചതും ഫൈനലിസിമ്മ ജേതാക്കളാക്കിയതിലും ഇരുവരും അര്‍ജന്റീന ടീമും ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്.
2019 മുതല്‍ ഇന്നലെ കളിച്ച ഫൈനലിസിമ്മ വരെ ഒരു കളി പോലും സ്‌കലോനിയും സംഘവും തോറ്റിട്ടില്ല. അര്‍ജന്റൈന്‍ സംഘത്തിന്റെ ഡോമിനെന്‍സാണ് ഇത് വിളിച്ച് കാണിക്കുന്നത്.
31 മത്സരങ്ങളാണ് അര്‍ജന്റീന ഈ കാലയളവില്‍ കളിച്ചത്. ഇതില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ നേടിയ കോപ്പ അമേരിക്ക ടൂര്‍ണമെന്റും ഉള്‍പ്പെടും.
ഒരു മത്സരം പോലും തോല്‍ക്കാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച ടീമുകളില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. 2018-21 കാലയളവില്‍ 37 കളികള്‍ തോല്‍ക്കാതെ മുന്നേറിയ ഇറ്റലിയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്.
1993-96 കാലഘട്ടത്തില്‍ 35 കളികള്‍ വിജയിച്ച ബ്രസീലാണ് ലിസ്റ്റില്‍ രണ്ടാമത്. 35 വിജയങ്ങളുമായി 2007-09 കാലഘട്ടത്തിലെ സ്‌പെയിന്‍ പടയും ഒപ്പം തന്നെയുണ്ട്. 1991-93 കാലഘട്ടത്തിലെ അര്‍ജന്റൈന്‍ സംഘവും 31 കളികള്‍ തോല്‍ക്കാതെ മുന്നേറിയിരുന്നു.
2018 റഷ്യന്‍ ലോകകപ്പിലെ ജോര്‍ജ് സാംമ്പോളിയുടെ കീഴിലെ അര്‍ജന്റീനയുടെ മോശം പ്രകടനത്തിന് ശേഷമാണ് സ്‌കലോനി അര്‍ജന്റൈന്‍ കോച്ചായി എത്തുന്നത്. 2019 കോപ്പ അമേരിക്കയില്‍ സെമി ഫൈനലില്‍ തോറ്റ് പുറത്തായെങ്കിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ആരാധകര്‍ക്ക് പോലും പ്രതീക്ഷകള്‍ അസ്തമിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ വീണ്ടും വലിയ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് സ്‌കലോനിയാണ്. ലോകകപ്പ് എന്ന മെസിയുടെ ഏറ്റവും വലിയ സ്വപ്നത്തെ സാധൂകരിക്കാന്‍ ഏതറ്റംവരെയും ആ ടീം ഇപ്പോള്‍ സഞ്ചരിക്കും.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് ലയണല്‍ മെസി. ഫുട്‌ബോള്‍ കരിയറില്‍ നേടാന്‍ സാധിക്കുന്നതെല്ലാം നേടിയ മെസിക്ക് ഇന്നും സ്വപ്‌നമായി നില്‍ക്കുന്നത് ലോകകപ്പാണ്.
പക്ഷെ ഇപ്പോഴുള്ള അര്‍ജന്റൈന്‍ ടീം തങ്ങളുടെ ഇതിഹാസത്തിന് വേണ്ടി എന്തിനും പോന്നവരാണ്. അതുകൊണ്ട് കാത്തിരിക്കാം മെസിപ്പടയുടെ ഖത്തര്‍ എന്‍ട്രിക്കായി.
Content Highlights: Argentina is unbeaten for consecutive 31 games