മെസി എളിമ കൊണ്ട് അങ്ങനെ പലതും പറയും, ഖത്തറിൽ ഞങ്ങളും ഫേവറിറ്റുകളാണ്: അർജന്റൈൻ സൂപ്പർതാരം
Football
മെസി എളിമ കൊണ്ട് അങ്ങനെ പലതും പറയും, ഖത്തറിൽ ഞങ്ങളും ഫേവറിറ്റുകളാണ്: അർജന്റൈൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st October 2022, 8:48 am

വരാനിരിക്കുന്ന ഖത്തർ ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഫുട്‌ബോൾ ടീമുകൾ. പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പാണ് നവംബർ 20ന് ഖത്തറിൽ നടക്കാനിരിക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ടിതിന്.

അർജന്റൈൻ ഇതിഹാസം ലയണൽ മെസി ഇത് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും നിലവിൽ ബാലൺ ഡി ഓർ ജേതാവായ കരിം ബെൻസെമയും ഇനിയൊരു ലോകകപ്പ് കൂടി കളിക്കാനിടയില്ല.

ഇത്തവണത്തെ ലോകകപ്പ് ഫേവറിറ്റുകളായ ടീമുകളുടെ പേര് മെസി ഒരു അഭിമുഖത്തിനിടെ പ്രവചിച്ചിരുന്നു. താരം ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന രണ്ട് ടീമുകൾ ബ്രസീലും ഫ്രാൻസുമാണ്.

അഞ്ച് തവണ വേൾഡ് കപ്പ് ചാമ്പ്യൻമാരായ ബ്രസീൽ കൂടുതൽ കരുത്തരായാണ് ഇത്തവണ മത്സരത്തിനെത്തുക. നിലവിൽ ചാമ്പ്യൻമാരായ ഫ്രാൻസും പൂർവാധികം ശക്തരായാണ് ലോകകപ്പിനെത്തുക.

ജർമനിയും ഇംഗ്ലണ്ടും സ്‌പെയ്‌നുമാണ് മെസിയുടെ പ്രവചന പട്ടികയിൽ ഇടം നേടിയ മറ്റ് മൂന്ന് ടീമുകൾ.

താരത്തിന്റെ വാക്കുകൾക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അർജന്റീനയുടെ തന്നെ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനെസ്. ഖത്തറിൽ അർജന്റീനയും ഫേവറിറ്റുകളാണെന്നാണ് മാർട്ടിനെസ് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ 30ലധികം മത്സരങ്ങളിൽ ഒന്നിൽ പോലും തങ്ങൾ പരാജയപ്പെട്ടിട്ടില്ലെന്നും യൂറോപ്യൻ ടീമുകൾക്കെതിരെ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പരിക്ക് മൂലം വിശ്രമത്തിൽ കഴിയുന്ന സഹതാരങ്ങളെപ്പറ്റിയും മാർട്ടിനെസ് സംസാരിച്ചു. അർജന്റീനക്ക് വേണ്ടി ലോകകപ്പ് കളിക്കാനിരിക്കുന്ന ഏഞ്ചൽ ഡി മരിയയെയും പൗലോ ഡിബാലയെയും താരം വിളിച്ചിരുന്നെന്നും രണ്ടാഴ്ച കൊണ്ട് തന്നെ ഇരുവരും പൂർവ സ്ഥിതിയിലേക്ക് തിരിച്ച് വരുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പിന് മുമ്പ് അർജന്റീന യു.എ.ഇയുമായി സൗഹൃദ മത്സരം കളിക്കും. വേൾഡ് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Content Highlights : Argentina is also favorite at Qatar, says Argentina superstar