| Saturday, 7th September 2024, 2:47 pm

ലോകകപ്പ് സ്വപ്നം കാണുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കഴിഞ്ഞ ദിവസം അര്‍ജന്റീന തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ സ്‌കലോണിയും കൂട്ടരും പരാജയപ്പെടുത്തിയത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ അര്‍ജന്റീന കളിക്കുന്ന മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ടായിരുന്നു.

എന്നാല്‍ അര്‍ജന്റീനന്‍ ക്യാമ്പില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്നതാണ്. ടീമിലെ പ്രധാന താരങ്ങളായ മാക്ക് ആല്ലിസ്റ്റര്‍, നിക്കോ ഗോണ്‍സാലസ് എന്നിവര്‍ക്ക് പരിക്ക് പറ്റിയെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചത്.

കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ താരങ്ങള്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇനിയുള്ള നിര്‍ണായര മത്സരങ്ങളില്‍ അവര്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മെസിയും ഡി മരിയയും ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റു താരങ്ങള്‍ക്ക് പരിക്ക് പറ്റി മാറി നില്‍ക്കേണ്ടി വന്നാല്‍ ടീമിന് വലിയ തിരിച്ചടി തന്നെയാണ്. എന്നാല്‍ പരിക്കില്‍ താരങ്ങള്‍ക്ക് ഉടന്‍ തന്നെ മുക്തി നേടാനും ടീമിലെത്താനും സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം ഇന്നലെ നടന്ന മത്സരത്തിലെ രണ്ടാം പകുതിയിലായിരുന്നു ലോകചാമ്പ്യന്‍മാരുടെ മൂന്ന് ഗോളുകളും പിറന്നത്. 48ാംമിനിട്ടില്‍ ലിവര്‍പൂള്‍ സൂപ്പര്‍താരം അലക്‌സിസ് മക്ക് അലിസ്റ്ററിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. 84ാംമിനിട്ടില്‍ ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനക്കായി രണ്ടാം ഗോളും നേടി.

നിലവില്‍ ക്വാളിഫയര്‍ മത്സരങ്ങളുടെ പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഒരു തോല്‍വിയുമായി 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Content highlight: Argentina In Big Setback On 2026 World Cup Qualifiers

We use cookies to give you the best possible experience. Learn more