| Wednesday, 23rd November 2022, 8:53 am

ഈ തോല്‍വി നീലപ്പടക്ക് ഉണര്‍ത്തുപ്പാട്ട്; 90ലെ ചരിത്രമാവര്‍ത്തിച്ച് അര്‍ജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് അര്‍ജന്റീനക്ക് നേരെ ഉയരുന്നത്. സൗദി അറേബ്യയോട് 2-1നാണ് ടീം അര്‍ജന്റീന പരാജയപ്പെട്ടത്.

സ്‌കോര്‍ ചെയ്യാന്‍ പല അവസരങ്ങള്‍ ലഭിച്ചെങ്കിലും സൗദിയുടെ ആക്രമണത്തിന് മുന്നില്‍ മെസിപ്പടക്ക് മുന്നേറാന്‍ സാധിച്ചില്ല.

10ാം മിനിട്ടില്‍ പെരെഡെസിനെ സൗദിയുടെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്കനുകൂലമായി ലഭിച്ച പെനാല്‍ട്ടി മെസി ഗോളാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യയോട് അര്‍ജന്റീന തോല്‍വി വഴങ്ങുന്നത്. അട്ടിമറി വിജയം നേടിയ സൗദിയെ പ്രശംസിച്ച് സൗദിയെ നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

കുഞ്ഞന്‍ ടീമിനോട് പോലും പൊരുതി ജയിക്കാന്‍ കഴിഞ്ഞെങ്കില്‍ ലോകകപ്പ് ഫേവറിറ്റുകളായ അര്‍ജന്റീന എങ്ങനെ മുന്നേറുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ ആശങ്ക.

എന്നാല്‍ രണ്ട് പതിറ്റാണ്ട് മുമ്പ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ എത്തിയ ചരിത്രമാണ് ഇവിടെയും ആവര്‍ത്തിക്കുന്നതെന്നും അര്‍ജന്റീന ഫൈനലിലെത്തിയ 1990ലെ ലോകകപ്പിലും അവര്‍ ആദ്യ കളി തോറ്റാണ് തുടങ്ങിയതെന്നുമാണ് വിലയിരുത്തലുകള്‍.

അന്ന് കാമറൂണിനോട് 1-0ത്തിന് തോറ്റുകൊണ്ടാണ് ടീം അര്‍ജന്റീനയുടെ തുടക്കം. കാമറൂണിനെതിരേ തോറ്റു തുടങ്ങിയ അര്‍ജന്റീനക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല.

രണ്ടാം മല്‍സരത്തില്‍ സോവിയറ്റ് യൂണിയനെ 2-0ത്തിന് കീഴടക്കിയ അര്‍ജന്റീന മൂന്നാം മത്സരത്തിലെ സമനിലയോടെ അടുത്ത റൗണ്ടിലേക്ക് കടക്കുകയായിരുന്നു.

ആ പോരാട്ടവീര്യം പിന്നീട് അവസാനിച്ചത് ഫൈനലിലാണ്. ഇത്തവണയും 90ലെ ലോകകപ്പില്‍ നടന്ന മത്സരത്തോട് ഏറെ സമാനതകളുണ്ടെന്നാണ് വിലയിരുത്തല്‍. ദുര്‍ബലരായ കാമറൂണ്‍ ആണ് അന്ന് നീലപ്പടയെ വീഴ്ത്തിയതെങ്കില്‍ ഇത്തവണ അത് സൗദി അറേബ്യയുടെ രൂപത്തിലാണെന്ന് മാത്രം.

സമീപകാലത്തെ ലോക ടൂര്‍ണമെന്റുകളിലെല്ലാം തന്നെ ഓരോ മത്സരം കഴിയുന്തോറും ഫോമിലേക്ക് ഉയരുകയെന്നതാണ് അര്‍ജന്റീനയുടെ രീതി. 2014ലും അത് തന്നെയാണ് സംഭവിച്ചത്. ചെറിയ ചെറിയ മാര്‍ജിനുകളില്‍ ജയിച്ച് കയറിയ അര്‍ജന്റീന അതിവേഗം മികച്ച ഫോമിലേക്ക് പോകുന്നതാണ് കണ്ടത്. ഈ തോല്‍വി ഒരുപക്ഷേ അര്‍ജന്റീനക്ക് ഉണര്‍ത്തുപാട്ടായി മാറാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ആദ്യ പകതിയില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മെസി അര്‍ജന്റീനയുടെ ലീഡുയര്‍ത്തിയെങ്കിലും, 48ാം മിനിട്ടില്‍ സാലിഹ് അല്‍ഷെഹ്രി സമനില പിടിച്ചു. അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ സേലം അല്‍ദവ്സാരി തകര്‍പ്പന്‍ ഗോളിലൂടെ സൗദിയെ മുന്നിലെത്തിക്കുകയായിരുന്നു.

പിന്നീട് ഡിഫന്‍സിലേക്ക് മാത്രം ഒതുങ്ങിയ സൗദിയെ ആണ് കണ്ടത്. അര്‍ജന്റീനയുടെ ഓരോ ഗോള്‍ ശ്രമവും തട്ടിത്തെറിപ്പിച്ചും കൈപ്പിടിയിലൊതുക്കിയും സൗദിയുടെ വന്‍മതിലായി കൡച്ച മുഹമ്മദ് അല്‍ ഒവൈസിയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. നിര്‍ണായക സേവുകളുമായി കളിയിലെ താരമായ ഒവൈസിന്റെ രണ്ടാം ലോകകപ്പാണിത്.

റഷ്യന്‍ ലോകകപ്പിലും ഒവൈസ് കളിച്ചിരുന്നു. 10 വര്‍ഷം മുമ്പ് സൗദി ക്ലബ് അല്‍ ഷബാബിന് വേണ്ടിയാണ് ഒവൈസ് കളിച്ചു തുടങ്ങിയത്. കിങ് കപ്പും സൗദി സൂപ്പര്‍ കപ്പും നേടിയ ടീമില്‍ അംഗമായിരുന്നു അദ്ദേഹം.

Content Highlights: Argentina have lost their first game at the World Cup for the first time since the 1990

Latest Stories

We use cookies to give you the best possible experience. Learn more