സെപ്റ്റംബറില്‍ നടക്കുന്ന 2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മത്സരം നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീനയുടെ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.
സ്‌ക്വാഡില്‍ ഇടം നേടിയ രണ്ട് താരങ്ങള്‍ ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഫന്‍ഡര്‍മാരായ ലിയനാര്‍ഡോ ബലെര്‍ഡി, തഗ്ലിഫിക്കോ എന്നീ താരങ്ങള്‍ക്കാണ് പരിക്ക് പറ്റിയത്. പരിശീലനത്തിനിടെയാണ് ഇരു താരങ്ങള്‍ക്കും പരിക്ക് പറ്റിയതെന്നും ഇതോടെ ഇരുതാരങ്ങളും സ്‌ക്വാഡില്‍ നിന്നും പുറത്തായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇവര്‍ക്ക് പകരക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കലോണി.
സൂപ്പര്‍താരം ലയണല്‍ മെസിക്കും പരിക്കായതിനാല്‍ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയുടെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. ഇതോടെ താരം മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുകയായിരുന്നു. ഇതിന് പിന്നാലെ ഇന്റര്‍ മയാമിക്കൊപ്പമുള്ള മത്സരങ്ങളും മെസിക്ക് നഷ്ടമായിരുന്നു.
ആദ്യം പ്രഖ്യാപിച്ച അര്‍ജന്റീന ടീമില്‍ സൂപ്പര്‍താരം പൗലോ ഡിബാല ഇടം നേടിയിരുന്നില്ല. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സ്‌കലോണി ഡിബാലയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഡിബാലക്ക് പുറമെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന മികച്ച താരങ്ങളും ടീമില്‍ ഇടംനേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം അലജാഡ്രോ ഗാര്‍നാച്ചോ, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ജൂലിയന്‍ അല്‍വാരസ് , കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടിയ ഇന്റര്‍ മിലാന്റെ സൂപ്പര്‍ താരം ലൗട്ടാരോ മാര്‍ട്ടിന്‍സ് എന്നീ മികച്ച താരങ്ങള്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
സെപ്റ്റംബര്‍ ആറിന് ചിലിക്കെതിരെയും സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍ ഉള്ളത്. നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ ആറു മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.
Content Highlight: Argentina Have Big Setback of 2026 World Cup Qualifier