| Tuesday, 1st October 2024, 12:40 pm

അന്ന് മെസിയുടെ സ്ഥാനത്ത് റൊണാള്‍ഡോ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും കളത്തിലിറങ്ങിയേനെ: അര്‍ജന്റൈന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത മത്സരങ്ങളില്‍ ഒന്നായിരുന്നു 2018ല്‍ സ്‌പെയ്‌നിനെതിരെ നടന്നത്. സ്പാനിഷ് പടക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന പരാജയപ്പെട്ടത്.

മത്സരത്തില്‍ അര്‍ജന്റീനക്കായി സൂപ്പര്‍താരം ലയണല്‍ മെസി കളത്തിലിറങ്ങിയിരുന്നില്ല. ഈ മത്സരത്തില്‍ മെസി കളിക്കണമായിരുന്നുവെന്ന് അര്‍ജന്റീന ഗോള്‍കീപ്പര്‍ ഹ്യൂഗോ ഗാട്ടി പറഞ്ഞിരുന്നു. എല്‍ ചിരിന്‍ഗുയ്‌റ്റോ ടി.വിക്ക് നല്‍കിയ ആഭിമുഖത്തിലാണ് ഗാട്ടി ഇക്കാര്യം പറഞ്ഞത്.

‘മെസി ആ മത്സരത്തില്‍ കളിക്കണമായിരുന്നു. ആളുകള്‍ അദ്ദേഹത്തെ കാണാന്‍ വളരെയധികം ആഗ്രഹിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നെങ്കില്‍ കളിക്കാന്‍ ഇറങ്ങുമായിരുന്നു,’ ഹ്യൂഗോ ഗാട്ടി പറഞ്ഞു.

ശാരീരികമായ പരിക്കുകള്‍ കാരണമായിരുന്നു മെസി 2018ലെ മത്സരത്തില്‍ കളിക്കാതെ നിന്നിരുന്നത്. സ്‌പെയ്‌നിനെതിരെയുള്ള മത്സരത്തിന് മുമ്പായി നടന്ന ഇറ്റലിക്കെതിരെയുള്ള മത്സരത്തില്‍ മെസി കളിച്ചിരുന്നു. അസൂറിപടക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന വിജയിച്ചത്.

മത്സരത്തില്‍ അര്‍ജന്റീനക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു സ്‌പെയ്ന്‍ കളിച്ചത്. ഇസ്‌കോയുടെ ഹാട്രിക് കരുത്തിലാണ് സ്‌പെയ്ന്‍ അര്‍ജന്റീനയെ തരിപ്പണമാക്കിയത്. ഇസ്‌കോക്ക് പുറമെ ഡീഗോ കോസ്റ്റ, തിയാഗോ അല്‍കാന്റാര, ലാഗോ അസ്പാസ് എന്നിവരും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. നിക്കോളാസ് ഒട്ടമെന്‍ഡിയിലൂടെയാണ് അര്‍ജന്റീന തങ്ങളുടെ ഏകഗോള്‍ നേടിയത്.

എന്നാല്‍ നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നാല് കിരീടങ്ങളാണ് അര്‍ജന്റീന നേടിയത്. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലീസീമ എന്നീ കിരീടങ്ങളാണ് അര്‍ജന്റീന നേടിയത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്.

മറുഭാഗത്ത് സ്‌പെയ്ന്‍ അടുത്തിടെ നടന്ന യൂറോ കപ്പും സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയായിരുന്നു സ്പാനിഷ് പട തങ്ങളുടെ ചരിത്രത്തിലെ നാലാം യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്.

യൂറോ ചാമ്പ്യന്മാരും കോപ്പ അമേരിക്ക ജേതാവും തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനലീസീമയില്‍ അര്‍ജന്റീനയും സ്‌പെയ്‌നും ഏറ്റുമുട്ടും. എന്നാല്‍ ഈ ടൂര്‍ണമെന്റ് അടുത്തവര്‍ഷം ഏതു മാസത്തില്‍ നടക്കും എന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

Content Highlight: Argentina Goalkeeper Hugo Moti Talks an Incident Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more