അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കും. ജൂലൈ മൂന്ന് മുതലായിരിക്കും താരത്തിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സന്ദര്‍ശനം. ഇന്ത്യയെ കൂടാതെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബംഗ്ലാദേശും താരം സന്ദര്‍ശിക്കും. ബംഗ്ലാദേശാണ് സന്ദര്‍ശനത്തിന്റെ തുടക്കം.
മാര്‍ട്ടിനെസ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി രണ്ടര ദിവസമായിരിക്കും താരമുണ്ടാകുക.
ആദ്യം ബംഗ്ലാദേശിലേക്കാണ് താരം പോകുക. രാജ്യത്തെ ക്ലബ്ബ് മത്സരങ്ങളിലെ ആരാധകര്‍ക്ക് മുമ്പില്‍ താരത്തെ അവതരിപ്പിക്കും. ഇതുകൂടാതെയുള്ള ബംഗ്ലാദേശില്‍ വിവിധ പരിപാടികളിലും എമി പങ്കെടുക്കും. തുടര്‍ന്നായിരിക്കും കൊല്‍ക്കത്ത സന്ദര്‍ശിക്കുക. കൊല്‍ക്കത്തയിലെ പരിപാടികളുടെ ഷെഡ്യൂള്‍ ഉടന്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഈ സന്ദര്‍ശനത്തില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെ എല്ലാവരേയും കണ്ടുമുട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരോടൊപ്പവും ഫലപ്രദമായ ഇടപഴകാന്‍ സമയം കണ്ടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ എമിലിയാനോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ എഴുതി.
ലോകകപ്പില്‍ ഫൈനലിലെ അവസാന നിമിഷ സേവും ഷൂട്ടൗട്ടിലെ രക്ഷപ്പെടുത്തലും ആരാധകര്‍ക്ക് മറക്കാനാകില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരാകുമ്പോഴും എമിയുടെ പ്രകടനം നിര്‍ണായകമായിരുന്നു.
ഖത്തര്‍ ലോകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌ക്കാരവും ഫിഫ ദി ബെസ്റ്റിലെ മികച്ച ഗോള്‍ കീപ്പര്‍ അവാര്‍ഡും എമിലിയാനോക്ക് ലഭിച്ചിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബായ് ആസ്റ്റണ്‍ വില്ലയുടെ ഗോള്‍കീപ്പറാണ് താരം.