ഖത്തര്‍ ലോകകപ്പിലെ വമ്പന്‍ അട്ടിമറികള്‍ തുടരുകയാണ്. അര്‍ജന്റീനക്കും ജര്‍മനിക്കും പിന്നാലെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും അഫ്രിക്കന്‍ ശക്തികളായ ടുണീഷ്യക്ക് മുന്നില്‍ വീണിരിക്കുകയാണ്.
ഫിഫാ റാങ്കിങില്‍ 26ാം സ്ഥാനത്താണ് ടുണീഷ്യ. ഫ്രാന്‍സ് നാലാം സ്ഥാനക്കാരാണ്.
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെമ്പലെ, ഗ്രീസ്മാന്‍, ജിറൂദ്, തുടങ്ങിയവരില്ലാതെയാണ് ദിദിയര്‍ ദെഷാംപ്‌സ് ഫ്രാന്‍സിനെ കളത്തിലിറക്കിയത്. എന്നാല്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ ഈ തീരുമാനം അമിത ആത്മവിശ്വാസമാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ടുണീഷ്യയുടെ പ്രകടനം.
ആദ്യ പകുതിയില്‍ തന്നെ ഫ്രാന്‍സിനെ വലിഞ്ഞുമുറുക്കുന്ന പ്രകടനമാണ് ടുണീഷ്യ കാഴ്ചവെച്ചത്. ഏഴാം മിനിട്ടില്‍ തന്നെ ഫ്രീകിക്കില്‍ നിന്ന് ടുണീഷ്യന്‍ താരം ഗന്ദ്രി ഫ്രഞ്ച് വല കുലുക്കുകയാരുന്നു. എന്നാല്‍ ഓഫ്‌സൈഡായതിനാല്‍ റഫറി ഗോള്‍ അനുവദിക്കാത്തതോടെ ഫ്രാന്‍സ് കഷ്ടിച്ച് രക്ഷപ്പെട്ടു.
പ്രമുഖ താരങ്ങളെ കളത്തിലിറക്കിയില്ലെങ്കിലും ലോകകപ്പില്‍ ഒരു തോല്‍വി ഒരിക്കലും തങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന തരത്തില്‍ തന്നെയായിരുന്നു ഫ്രാന്‍സ് കളിച്ചിരുന്നത്.
അതിനിടെ 58ാം മിനിട്ടില്‍ വാഹ്ബി ഖാസ്രി ടുണീഷ്യക്കായി ഫ്രാന്‍സിന്റെ വല കുലുക്കിയപ്പോള്‍ ഫ്രഞ്ച് പട ശരിക്കും ഞെട്ടിയത് ഓരോ താരത്തിന്റെയും ശരീരഭാഷയില്‍ കാണാമായിരന്നു.
ആ ഗോളില്‍ ഫ്രാന്‍സ് വിറച്ചു എന്നതിന്റെ പെര്‍ഫെക്ട് ഉദാഹരണമായിരുന്നു അതുവരെ ബെഞ്ചിലിരുത്തിയിരുന്ന എംബാപ്പെയെയും ഡെമ്പലെയെയും ഫ്രാന്‍സ് കളത്തിലിറക്കിയത്. ഇതിന് ശേഷം ഫ്രാന്‍സിന്റെ മുന്നേറ്റനിര ആക്രമിച്ച് കളിച്ചെങ്കിലും ടുണീഷ്യന്‍ പ്രതിരോധനിരക്കുമുന്നില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.
അവസാന നിമിഷം ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് ഗോള്‍ മടക്കിയെങ്കിലും, വാര്‍ ചെക്കിലൂടെ ഓഫ് സൈഡ് വിധിച്ചതോടെ അന്തിമ വിജയം ടുണീഷ്യക്കൊപ്പം നിന്നു.
ഈ ഗ്രൂപ്പില്‍ മറ്റൊരു അട്ടിമറിക്കും ഫുട്‌ബോള്‍ ലോകം സാക്ഷിയായി. ലോകകപ്പിലെ കറുത്ത കുതിരകളാകും എന്ന് പ്രതീക്ഷിക്കപ്പെട്ട ഡെന്മാര്‍ക്ക് ഓസ്ട്രേലിയക്ക് മുന്നില്‍ പരാജയപ്പെട്ടു.
ലോക റാങ്കിങ്ങില്‍ പത്താമതുള്ള ഡെന്‍മാര്‍ക്കിനെയാണ് 41ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഈ വജയത്തോടെ 16 വര്‍ഷത്തിന് ശേഷം ലോകകപ്പിന്റ ഗ്രൂപ്പ് ഘട്ടം കടക്കാനും ഓസ്‌ട്രേലിയക്കായി.
ഖത്തര്‍ ലോകകപ്പില്‍ ഇതിന് മുമ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയും ജര്‍മനിയും അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു.
അര്‍ജന്റീന സൗദി അറേബ്യയോടും ജര്‍മനി ജപ്പാനോടുമായിരുന്നു പരാജയപ്പെട്ടത്. ഇതോടെ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ തങ്ങളുടെ അവസാന മത്സരത്തിന്റെ ഫലം കൂടി കാത്തിരിക്കേണ്ട ഗതികേടിലാണ്.
Content Highlight: Argentina, Germany now France and Denmark; Lessons from the Qatar World Cup