|

'റൊണാൾഡോ പോർച്ചുഗലിന് പകരം ആ രാജ്യത്ത് ജനിച്ചിരുന്നെങ്കിൽ രണ്ട് ലോകകപ്പ് പൊക്കിയേനെ' അർജന്റീനിയന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബ്രസീലില്‍ ജനിച്ചിരുന്നുവെങ്കില്‍ രണ്ട് ഫിഫ ലോകകപ്പ് കിരീടങ്ങള്‍ നേടുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ നിരീക്ഷകന്‍ ഡാനി ഓസ്വാള്‍ഡോ. ക്രിസ്റ്റ്യാനോ എക്‌സ്ട്രാസിലൂടെ പ്രതികരിക്കുകയായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ നിരീക്ഷകന്‍.

‘പോര്‍ച്ചുഗല്‍ പോലൊരു രാജ്യത്ത് ജനിച്ചതും അവിടെ ഫുട്‌ബോള്‍ പാരമ്പര്യം ഇല്ലാത്തതും റൊണാള്‍ഡോയുടെ കുറ്റമല്ല. ബ്രസീലിലാണ് റൊണാള്‍ഡോ ജനിച്ചിരുന്നുവെങ്കില്‍ അദ്ദേഹം രണ്ട് ലോകകപ്പുകള്‍ നേടിയേനെ,’ ഡാനി ഓസ്വാള്‍ഡോ പറഞ്ഞു.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളില്‍ ഒരാളായിട്ടും റൊണാള്‍ഡോയ്ക്ക് ഇതുവരെ ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. തന്റെ ഫുട്‌ബോള്‍ കരിയറില്‍ അഞ്ച് ലോകകപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനൊപ്പം ബൂട്ട് കെട്ടിയത്. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്.

രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന മറ്റൊരു ലോകകപ്പില്‍ റൊണാള്‍ഡോ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍ തന്റെ 39 വയസിലും വീര്യം ചോരാത്ത പോരാട്ടവീര്യം നടത്തുന്ന റൊണാള്‍ഡോ അടുത്ത ലോകകപ്പ് കളിക്കുമോ എന്നത് കണ്ടു തന്നെ അറിയണം.

അതേസമയം യൂറോ കപ്പില്‍ നാളെ നടക്കുന്ന ആവേശകരമായ മത്സരത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് റൊണാള്‍ഡോയും സംഘവും തുര്‍ക്കിക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്.

ചെക്ക റിപ്പബ്ലിക്കിനെതിരെയുള്ള ആദ്യ മത്സരത്തില്‍ റൊണാള്‍ഡോ ഒരു ചരിത്രം നേട്ടം സ്വന്തമാക്കിയിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആറു വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചത്.

യൂറോകപ്പിനു മുന്നോടിയായി നടന്ന അയര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഇരട്ട നേടി കൊണ്ടായിരുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍ താരം യൂറോ കപ്പിന്റെ പോരാട്ട ഭൂമിയിലേക്ക് എത്തിയത്. ഇതിനു മുന്നോടിയായി നടന്ന സൗദി പോലീലും തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്. 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്. ഇതോടെ സൗദി പ്രോ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടവും പോര്‍ച്ചുഗീസ് ഇതിഹാസം സ്വന്തമാക്കിയിരുന്നു.

Content Highlight: Argentina Football Analyst talks about Cristaino Ronaldo