| Saturday, 22nd October 2022, 2:05 pm

ഞങ്ങൾ ആരെയും ഭയക്കുന്നില്ല, ഇത്തവണ കപ്പ് നേടുക തന്നെ ചെയ്യും; അവസാന ലോകകപ്പിനൊരുങ്ങി ലയണൽ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തർ ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് മറ്റെല്ലാ ടീമുകളെയും പോലെ അർജന്റീനയും ലയണൽ മെസിയും.

എന്നാൽ ഈ ടൂർണമെന്റ് മെസിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പ് എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഇത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസി നേരത്തെ തന്നെ അറിയിച്ചിരുന്നു.

അർജന്റീനക്ക് വേണ്ടി കപ്പുയർത്തി തന്റെ മഹത്തായ കരിയറിന് വിരാമമിടാനുള്ള ഒരുക്കത്തിലാണ് മെസി. ലോകകപ്പ് അടുക്കുമ്പോൾ ആരാധകരും വലിയ പ്രതീക്ഷയിലാണുള്ളത്.

കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന 2019 മുതൽ 35 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ലോകകപ്പിനെത്തുന്നത്.

1986ന് ശേഷമുള്ള തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം മെസി നേടിത്തരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

മെസി ക്യാപ്റ്റനായിറങ്ങിയ ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനക്ക് കപ്പ് നേടാൻ സാധിച്ചിരുന്നില്ല.

എന്നാൽ ഇത്തവണ തങ്ങൾ കൂടുതൽ ശക്തരാണെന്നും മറ്റാരെയും ഭയക്കുന്നില്ലെന്നുമാണ് മെസി പറഞ്ഞത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം തങ്ങൾ മികച്ച ടീമാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും കിരീടത്തിനുള്ള ഫേവറിറ്റുകളാണെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെ സംഭവിച്ചിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ തങ്ങൾ മികച്ച നിലയിലാണുള്ളതെന്നും കപ്പ് നേടാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾക്ക് ആകാംക്ഷയുണ്ട്, ഞങ്ങൾ പൊരുതാൻ തയ്യാറായാണ് ഇറങ്ങുന്നത്. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല, കാരണം ഞങ്ങൾ ആർക്കെതിരെയും കളിക്കാൻ തയ്യാറാണ്” മെസ്സി പറഞ്ഞു.

നവംബർ 16ന് യു.എ.ഇക്കെതിരെയാണ് അർജന്റീന തങ്ങളുടെ അവസാന സന്നാഹ മത്സരം കളിക്കുന്നത്. നവംബർ 22ന് സൗദി അറേബ്യക്കെതിരായാണ് ഉദ്ഘാടന മത്സരം.

Content Highlights: Argentina fear no one at World Cup, says Lionel Messi

We use cookies to give you the best possible experience. Learn more