ഖത്തര്‍ ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന അര്‍ജന്റീന-മെക്‌സികോ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറാനിരിക്കുന്ന ആവേശകരമായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നാല്‍ ടീം അര്‍ജന്റീനയുടെ പ്രീതീക്ഷ അവതാളത്തിലാകുമെന്നതില്‍ സംശയമില്ല.
അതിനാല്‍ ടീമില്‍ വലിയ അഴിച്ചു പണികള്‍ നടത്തിയാകും സ്‌കലോണി തന്റെ ടീമിനെ കളത്തിലിറക്കുക.
കരിയറിലെ അവസാന ലോകകപ്പിനായി തയ്യാറെടുത്തുവന്ന ലയണല്‍ മെസിക്കും 36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ അര്‍ജന്റീനയ്ക്കും ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമായിരുന്നു സൗദി അറേബ്യക്കെതിരായ തോല്‍വി. ഖത്തര്‍ ലോകകപ്പിലെ ഫേവറിറ്റുകളായ അര്‍ജന്റീനയുടെ ഭാവി ഇപ്പോള്‍ തുലാസിലാണ്.
ഇനിയുള്ള രണ്ട് കളികളും നോക്കൗട്ടിന് തുല്യം. പിഴച്ചാല്‍ വിശ്വ കിരീടമെന്ന സൂപ്പര്‍ താരത്തിന്റെ മോഹം എന്നന്നേക്കുമായി ഇല്ലാതാകും. കുഞ്ഞന്‍ ടീമിനോടാണ് ഏറ്റുമുട്ടുന്നതെന്ന അമിതവിശ്വാസം ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടിച്ചടിയായി മാറിയ അര്‍ജന്റീനക്ക് ശക്തമായി പോരാടുകയേ ഇനി നിര്‍വാഹമുള്ളൂ.
നാണംകെട്ട തേല്‍വിയില്‍ നിന്ന് കരകയറണമെങ്കില്‍ സ്‌കലോണിക്ക് ടീമില്‍ അഴിച്ചുപണി നടത്തേണ്ടതും അനിവാര്യമാണ്. ചുരുങ്ങിയത് മൂന്ന് മാറ്റങ്ങളെങ്കിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് വിങ് ബാക്കുകളെ മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. നെഹുവേല്‍ മൊളീനക്ക് പകരം മൊണ്ടേയേലും ടഗ്ലിയാഫിക്കോക്ക് പകരം അക്യൂനയും വരും.
ലിസാന്‍ഡ്രോയെ ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് പകരക്കാരനായി ഇറക്കുമെന്നാണ് സൂചന. പാപ്പു ഗോമസിനെ ലോസെല്‍സോക്ക് പകരക്കാരനാക്കിയതില്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നു.
മുന്നേറ്റത്തില്‍ ഏഞ്ചല്‍ ഡി മരിയയെ പിന്‍വലിച്ച് ജൂലിയന്‍ അല്‍വാരസിനേയും സ്‌കലോണി പരീക്ഷിച്ചേക്കാം.
ലോകകപ്പില്‍ മെക്സിക്കോക്കെതിരെ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ചരിത്രമാണ് അര്‍ജന്റീനക്കുള്ളത്. ഖത്തറില്‍ ഇന്നത്തെ പോരാട്ടത്തിലും അര്‍ജന്റീന ജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് അര്‍ജന്റീന-മെക്സികോ മത്സരം നടക്കുക.
Content Highlights: Argentina fans went from dreaming about a third World Cup