ഖത്തർ ലോകകപ്പിനെ തങ്കളെ കൊണ്ട് സാധിക്കുന്ന തരത്തിൽ ഉജ്വലമാക്കാൻ ശ്രമിക്കുകയാണ് ഓരോ ഫുട്ബോൾ ആരാധകനും.
സൗദി അറേബ്യക്കെതിരെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം പിന്നീടുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളും മികവോടെ ജയിച്ച് കയറിയ അർജന്റീന, പ്രീ ക്വാർട്ടറിൽ ഏഷ്യൻ വമ്പൻമാരായ ഓസ്ട്രേലിയയേയും തകർത്തിരുന്നു.
ഡിസംബർ 10ന് ഇന്ത്യൻ സമയം രാത്രി 12:30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലാൻഡ്സ് ആണ് അർജന്റീനയുടെ എതിരാളികൾ. മത്സരം വിജയിച്ചാൽ ടീമിന് സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കാം.
ആദ്യ മത്സരത്തിലെ പരാജയത്തോടെ മറ്റു ടീമുകളുടെ ആരാധകരിൽ നിന്നും വലിയ രീതിയിലുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്ന അർജന്റീന ആരാധകർ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച അർജന്റീനയുടെ പ്രകടനം വ്യത്യസ്തമായ പല രീതികളിലും ആഘോഷിക്കുകയാണ്.
ഇതിനിടയിൽ അർജന്റീന ചാമ്പ്യൻമാരായ 1986 ലെ ലോകകപ്പിലെ ചില ഫാക്ട്സുമായി 2022 ലോകകപ്പിലെ സംഭവങ്ങൾ താരതമ്യം ചെയ്ത് കപ്പ് ഇത്തവണ അർജന്റീനക്ക് തന്നെ എന്ന് ഉറപ്പിക്കാനായി നെട്ടോട്ടമോടുകയാണ് ചില അർജന്റീന ആരാധകർ അതിനായി കുറച്ച് ഫാക്ട്സ് അടങ്ങിയ ചില പോസ്റ്ററുകളും ഇവർ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.
അർജന്റീന ആരാധകർ മുമ്പോട്ട് വയ്ക്കുന്ന ഫാക്ട്സ് താഴെ പറയുന്നവയാണ്.
1 കാനഡ അവസാനമായി ലോകകപ്പ് കളിച്ചത് 1986ലാണ്. 2022 ൽ അവർ വീണ്ടും ലോകകപ്പിലേക്ക് യോഗ്യത നേടി.
2 വടക്കൻ ആഫ്രിക്കൻ ടീമായ മൊറോക്കൊ അവസാനമായി പ്രീ ക്വാർട്ടർ കടന്നത് 1986 ലോകകപ്പിലാണ്. അവർ 2022 ലോകകപ്പിലും പ്രീ
ക്വാർട്ടർ യോഗ്യത നേടി. കൂടാതെ അവർ 1986ലും 2022ലും ഗ്രൂപ്പ് എഫ് ചാമ്പ്യൻമാരായി
3 പോളണ്ട് ഇതിന് മുമ്പ് പ്രീ ക്വാർട്ടർ കളിച്ചത് 1986 ലാണ്. 2022 ലോകകപ്പിലും അവർക്ക് പ്രീ ക്വാർട്ടർ യോഗ്യത ലഭിച്ചു.
4 ഇതിന് മുമ്പ് ഒരു സെന്റർ ബാക്ക് അർജന്റീന നമ്പർ 10 ന് അസിസ്റ്റ് കൊടുത്തത് 1986 ലാണ്. 2022ൽ ഒറ്റാമെന്റി പത്താം നമ്പർ താരമായ
മെസിക്ക് അസിസ്റ്റ് നൽകിയിരുന്നു
5 1986 ൽ പത്താം നമ്പർ താരമായ അർജന്റീന ക്യാപ്റ്റൻ മറഡോണ ഗ്രൂപ്പ് സ്റ്റേജിൽ പെനാൽട്ടി മിസ്സാക്കി. 2022 ലും പത്താം നമ്പർ താരമായ
ക്യാപ്റ്റൻ മെസി പോളണ്ടിനെതിരെ പെനാൽട്ടി നഷ്ടമാക്കി.
ഈ കണക്കുകൾ നിരത്തി 1986ലെ സംഭവങ്ങൾ 2022 ലും ആവർത്തിക്കുന്നു എന്നും അതുകൊണ്ട് കപ്പ് അർജന്റീന തന്നെ നേടും എന്നും പ്രചരിപ്പിക്കുന്ന ആരാധകർക്ക് മറുപടിയുമായി മറ്റു ടീമുകളുടെ ഫാൻസും രംഗത്തെത്തിയിട്ടുണ്ട്.
1986 ൽ മറഡോണ കൈ ഉപയോഗിച്ച് നേടിയ “ദൈവത്തിന്റെ കൈ” എന്ന പേരിൽ പിന്നീട് വിഖ്യാതമായ ഗോളിന്റെ ബലത്തിലായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ അർജന്റീന ജയിച്ചത്.
ആ സംഭവം ഓർമിപ്പിച്ചു കൊണ്ട് “ഇപ്പോൾ കാല് കൊണ്ട് ഗോളടിച്ചാലെ കളി ജയിക്കൂ “, “1986 ൽ VAR ഇല്ലായിരുന്നു 2022 ൽ VAR” ഉണ്ട് എന്ന കമന്റുകളുമായി രംഗത്ത് വന്നിരിക്കുകയാണ് മറ്റു ടീമുകളുടെ ആരാധകർ.
ഇംഗ്ലണ്ടിനെതിരെയുള്ള അതേ മത്സരത്തിൽ തന്നെയാണ് പിന്നീട് നൂറ്റാണ്ടിന്റെ ഗോൾ എന്ന പേരിൽ പ്രസിദ്ധമായ ഗോളും മറഡോണ നേടിയത്.
Content Highlights:Argentina fans spread facts in 1986 worldcup to support atgentina 2022 worldcup team