2024 പാരീസ് ഒളിമ്പിക്സ് ഫുട്ബോളില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് അര്‍ജന്റീന പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് പട ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.
ഇപ്പോഴിതാ അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ മത്സരത്തില്‍ ഗോള്‍ നേടിയ ജീന്‍ ഫിലിപ്പ് മറ്റേറ്റെക്കെതിരെയും ഫ്രാന്‍സ് ടീമിനെതിരെയും വംശീയ കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് അര്‍ജന്റീനയുടെ ആരാധകര്‍.
ഫിഫ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മത്സരത്തിന്റെ സ്‌കോര്‍ കാര്‍ഡിന്റെ താഴെ ഫ്രഞ്ച് താരത്തിനെതിരെയും ടീമിനെതിരെയും മോശമായ രീതിയില്‍ കമന്റുകള്‍ രേഖപ്പെടുത്തുകയായിരുന്നു അര്‍ജന്റീനയുടെ ആരാധകര്‍. വംശീയപരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞു നില്‍ക്കുന്നത്.
ഇത്തരം കമന്റുകള്‍ രേഖപ്പെടുത്തിയ ആളുകളുടെ പ്രൊഫൈലുകളില്‍ അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞ ചിത്രങ്ങളും അര്ജന്റീന വിവിധ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും കാണാനാവും.
ഉദാഹരണത്തിന്, ‘കണ്‍ഗ്രാജുലേഷന്‍സ് അംഗോള, നൈജീരിയ, കാമറൂണ്‍, സെനഗല്‍, ആന്റ് ഘാന’ എന്ന് കമന്റ് ചെയ്ത മുഹമ്മദ് ഇസ്മഈല്‍ ഹൊസൈന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ അതില്‍ അദ്ദേഹം ഒളിമ്പിക്സില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ അര്‍ജന്റീനയുടെ ജെഴ്സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ കാണാനാകും.
അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക വിജയിച്ചതിനുശേഷം അര്‍ജന്റീന താരങ്ങള്‍ ഫ്രഞ്ച് ടീമിനെതിരെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ട് പാട്ടുകള്‍ പാടിയിരുന്നു. ചെല്‍സി സൂപ്പര്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് ആയിരുന്നു ഫ്രഞ്ച് ടീമിനെ അപമാനിക്കുന്ന രീതിയില്‍ പാട്ടുപാടിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
‘അവര്‍ ഫ്രാന്‍സിനായി കളിക്കുന്നു, പക്ഷേ അവര്‍ അംഗോളയില്‍ നിന്നുള്ളവരാണ്. അവരുടെ അമ്മ നൈജീരിയക്കാരിയാണ്, അച്ഛന്‍ കാമറൂണിയന്‍ എന്നാല്‍ പാസ്പോര്‍ട്ടില്‍ അവര്‍ ഫ്രഞ്ചുകാരാണ്,’ ഈ പാട്ട് പാടികൊണ്ടുള്ള വീഡിയോ ആയിരുന്നു ചെൽസി താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതി നല്‍കുകയും ചെയ്യുന്നു. വിഷയത്തില്‍ എന്‍സോ മാപ്പ് പറയുകയും ചെയ്തിരുന്നു.
അതേസമയം മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ജീന്‍ ഫിലിപ്പ് മറ്റേറ്റയാണ് ഫ്രാൻസിനായി ഗോൾ നേടിയത്. പിന്നീടുള്ള നിമിഷങ്ങളിൽ അർജന്റീനയുടെ മുന്നേറ്റങ്ങളെ ശക്തമായി തടഞ്ഞുനിർത്തികൊണ്ട് ഫ്രാൻസ് വിജയം സ്വന്തമാക്കുകയായിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ മൊറോക്കോ സ്പെയ്നിനെയാണ് നേരിടുന്നത്. മാര്‍ച്ച് ആറിന് നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാൻസ് ഈജിപ്തിനെയും നേരിടും.
Content Highlight: Argentina Fans React Against France Football Team In Social Media