'ഭൂമിയിൽ മെസിയും സ്വർഗത്തിൽ ഡീഗോയുമുണ്ട്'; വീട് വാങ്ങാൻ മാറ്റി വെച്ച പണവുമായി ലോകകപ്പ് കാണാനൊരുങ്ങി ആരാധകൻ
Football
'ഭൂമിയിൽ മെസിയും സ്വർഗത്തിൽ ഡീഗോയുമുണ്ട്'; വീട് വാങ്ങാൻ മാറ്റി വെച്ച പണവുമായി ലോകകപ്പ് കാണാനൊരുങ്ങി ആരാധകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th November 2022, 8:54 am

ഖത്തറിൽ ഫിഫ വേൾഡ് കപ്പ് അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആരാധകർക്കിടയിൽ ലോകകപ്പ് ചൂട് തീവ്രമായിക്കൊണ്ടിരിക്കുകയാണ്. വിചിത്രവും വ്യത്യസ്തവുമായ രീതിയിലാണ് ആരാധകർ തങ്ങളുടെ ഫുട്‌ബോൾ ഭ്രമം പ്രകടമാക്കുന്നത്.

ഇപ്പോഴിതാ വീടും വാഹനവും വാങ്ങാൻ മാറ്റിവെച്ച പണവുമായി ലോകകപ്പ് കാണാൻ തയ്യാറെടുക്കുകയാണ് ഒരു അർജന്റീന ആരാധകൻ.

എമീലിയാനോ മാട്രാൻഗളോ എന്ന 39കാരനാണ് അർജന്റീനയോടുള്ള തന്റെ അടങ്ങാത്ത ആരാധന കാരണം നാല് വർഷത്തെ സമ്പാദ്യവുമായി ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്നത്.

ബുയെനോസ് അയറീസിൽ നിന്ന് ബിരുദം നേടിയ മാട്രൻഗോളോ അർജന്റീനയിൽ ബിസിനസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തുവരികയാണ്.

തന്റെ ആരാധനാ പാത്രമായ ലയണൽ മെസി ഖത്തറിൽ ലോകകപ്പ് കളിക്കുന്നത് നേരിട്ട് കാണാനാണ് വീടും കാറും സ്വന്തമാക്കണമെന്ന മോഹം വെടിയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

”നാല് വർഷത്തെ സമ്പാദ്യമാണ്, ഓരോ മാസവും ഇതിലേക്ക് ഒരു തുക മാറ്റി വെക്കും. ആളുകളിൽ പലരും പറയുന്നുണ്ടാകും വീട് വാങ്ങുന്നതിന് പകരം അവൻ ലോകകപ്പ് കാണാനാണല്ലോ പണം ചെലവഴിക്കുന്നതെന്ന്.

ശരിയാണ് സ്വന്തമായി ഒരു വീടുണ്ടായിരിക്കുന്നത് നല്ലതാണ്. പക്ഷേ ഇപ്പോൾ അതിനെക്കാൾ വലിയ സ്വപ്‌നം എനിക്ക് ലോകകപ്പ് കാണുക എന്നുള്ളതാണ്. ഞങ്ങൾക്ക് കളിക്കാൻ, പിച്ചിൽ ലയണൽ മെസിയും സ്വർഗത്തിൽ ഡീഗോയുമുണ്ട്,’ മാട്രാൻഗളോ പറഞ്ഞു.

ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന. രാജ്യാന്തര മത്സരങ്ങളിൽ തന്നെ നിരവധി റെക്കോഡുകൾ നേടി പ്രഗത്ഭരെന്ന് തെളിയിച്ച ടീം അർജന്റീനക്ക് വിശ്വകിരീടത്തിൽ തൊടാൻ എന്തുകൊണ്ടോ സാധിക്കുന്നുണ്ടായിരുന്നില്ല.

എന്നാൽ ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ച ലയണൽ മെസി ഇത്തവണ ലോകകപ്പ് കിരീടം ചൂടാൻ കൽപിച്ച് തന്നെയാണ് സംഘവുമായി ഖത്തറിലെത്തുക.

മെസിയെ ഇനി അർജന്റീനയുടെ ജേഴ്‌സിയിൽ കാണാനാകില്ലെന്ന നിരാശയിലാണ് ആരാധകരെങ്കിലും എല്ലാ പ്രാവശ്യത്തെയും പോലെ പൂർണ പിന്തുണ നൽകിയും അതിലേറെ ആവേശത്തോടെയും തന്നെയാണ് ഇത്തവണയും ലോകകപ്പിനെ ഉറ്റുനോക്കുന്നത്.

നവംബർ 26ന് സൗദി അറേബ്യയുമായാണ് അർജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് അർജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകൾ. ഇതിൽ മെക്‌സിക്കോയെ നവംബർ 27നും പോളണ്ടിനെ ഡിസംബർ ഒന്നിനുമാണ് അർജന്റീന നേരിടുക.

Content Highlights: Argentina fan forego buying homes and cars to watch Qatar World Cup