നിബ്രാസിനെ ഓര്‍മിയില്ലേ? സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് മുമ്പില്‍ ചങ്കുപൊട്ടി നിന്ന ആ 13കാരന്‍ അര്‍ജന്റീന ആരാധകനെ?
ആളിപ്പോള്‍ വലിയ സന്തോഷത്തിലാണ്. രണ്ടാം മത്സരത്തില്‍ മെസി ഗോളടിച്ചതും അര്‍ജന്റീനയുടെ തിരിച്ചുവരവും തന്നെയാണ് നിബ്രാസിനെ ആവേശത്തിലാഴ്ത്തുന്നത്.
ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ, ഇനിയും കളിയുണ്ട്, അര്‍ജന്റീന തിരിച്ചുവരും എന്ന് കണ്ണുനിറഞ്ഞ് പറഞ്ഞ നിബ്രാസിപ്പോള്‍ സ്വന്തം ടീമിന്റെ വിജയത്തില്‍ ഭയങ്കര ഹാപ്പിയാണ്.
എന്നാല്‍ ഇതിലും വലിയ ഒരു സന്തോഷ വാര്‍ത്തയാണ് നിബ്രാസിനെ തേടിയെത്തിയിരിക്കുന്നത്. അര്‍ജന്റീനയുടെ അടുത്ത മത്സരം നേരില്‍ കാണാനുള്ള ഒരു അവസരമാണ് നിബ്രാസിന് മുമ്പിലുള്ളത്. സ്മാര്‍ട് ട്രാവല്‍ എന്ന ഏജന്‍സിയാണ് നിബ്രാസിന് അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
മത്സരം കാണാനുള്ള ടിക്കറ്റും ഫ്‌ളൈറ്റ് ടിക്കറ്റുമടക്കം സൗജന്യമായി നല്‍കുമെന്നാണ് സ്മാര്‍ട് ട്രാവല്‍ അറിയിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സങ്കടപ്പെട്ടു നിന്ന നിബ്രാസിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് കേരളത്തിലെ അര്‍ജന്റൈന്‍ ആരാധകര്‍.
ആദ്യ മത്സരത്തില്‍ അര്‍ജന്റീന തോറ്റതിന് പിന്നാലെ ഇത്തരത്തില്‍ കുട്ടികളായ അര്‍ജന്റീന ആരാധകരെ പോലും കളിയാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. മന്ത്രി വി. ശിവന്‍ കുട്ടിയടക്കം ആരാധകരുടെ ഈ ക്രൂര മനോഭാവത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം, ലുസൈല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.
മത്സരത്തിന്റെ 64ാം മിനിട്ടിലായിരുന്നു മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ കണ്ടെത്തിയത്. ഗ്രൗണ്ടിന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് ബോക്‌സിന് പുറത്തു നിന്ന് മെസി അനായാസം വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ മെസിയുടെ രണ്ടാമത്തെ ഗോളാണിത്.
മത്സരത്തിന്റെ 84ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ നിന്നും എന്‍സോ ഫെര്‍മാണ്ടസ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ അര്‍ജന്റീന അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലായി.
നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പുറത്താകാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന അര്‍ജന്റീനക്ക് നിലവില്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി.
ഇനി ഡിസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മത്സരത്തില്‍ വിജയിച്ചാല്‍ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കാം.
Content Highlight: Argentina fan boy Nibras gets an opportunity to see Argentina’s next world cup match