സെമിയില്‍ അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നില്ല: ഫൈനലില്‍ ജര്‍മ്മനി ജയിക്കുമെന്നും ആര്യന്‍ റോബന്‍
Daily News
സെമിയില്‍ അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നില്ല: ഫൈനലില്‍ ജര്‍മ്മനി ജയിക്കുമെന്നും ആര്യന്‍ റോബന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2014, 6:23 pm

സാവോപോള: ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനലില്‍ തങ്ങള്‍ക്കെതിരെ അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നില്ലെന്ന് ഹോളണ്ട് സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍. ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ജര്‍മ്മനി കപ്പ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന് കളിക്കുന്ന റോബന്‍ പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന രണ്ടാം സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ 4-2ന് അര്‍ജന്റീന ജയിച്ചിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമിനും ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ രണ്ട കിക്കുകള്‍ തട്ടിയകറ്റിയ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റാമോസാണ് 24 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയെ ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപോരിലെത്തിച്ചത്. 

എന്നാല്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ വിജയികളായ എതിര്‍ ടീമിനെ അഭിനന്ദിക്കാന്‍ ഒട്ടും താല്‍പ്പര്യം കാണിക്കാതിരുന്ന റോബന്‍ പകരം ഫൈനല്‍ കളിക്കാന്‍ അര്‍ജന്റീനക്ക് അര്‍ഹതയുണ്ടായിരുന്നില്ലെന്ന തന്റെ അഭിപ്രായം തുറന്നു പറയുകയും ചെയ്തതു.  “സെമിയില്‍ അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നില്ല. മത്സരത്തില്‍ മികച്ചത് നിന്നത് ഹോളണ്ടായിരുന്നു. കുറച്ച് ഗോളവസരങ്ങള്‍ മാത്രമാണ് അര്‍ജന്റീനക്ക് തുറന്ന് കിട്ടിയത്.

എണ്ണത്തില്‍ കൂടുതലും മികച്ചതുമായ ഗോളവസരങ്ങള്‍ ഹോളണ്ടിനായിരുന്നു കൈവന്നത്. ഒരിക്കല്‍ കൂടി കപ്പിനടുത്തെത്തി പരാജയപ്പെട്ടത് വളരെയധികം പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഈ ടീമില്‍ അംഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്താനില്ല. 

എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിച്ചു.” റോബന്‍ പറഞ്ഞു. ഫൈനല്‍ ജര്‍മ്മനി സ്വന്തമാക്കുമെന്നും റോബന്‍ പറഞ്ഞു. ഫൈനലിലെത്തിയവരില്‍ ജര്‍മ്മനിയുടേതാണ് മികച്ച ടീം. ജര്‍മ്മന്‍ ടീമില്‍ കളിക്കുന്ന ഒരുപാട് പേര്‍ സുഹൃത്തുക്കളുമാണ്. അത് കൊണ്ടൊക്കെ തന്നെ ജര്‍മ്മനി കപ്പ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോബന്‍ ഇഷ്ടം വ്യക്തമാക്കി.