ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ യു.എ.ഇയെ കീഴ്‌പ്പെടുത്തി അര്‍ജന്റീന. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. സൂപ്പര്‍താരം ഡി മരിയ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇതിഹാസതാരം ലയണല്‍ മെസിയും ഗോളും അസിസ്റ്റുമായി തിളങ്ങി.
മത്സരത്തിന്റെ തുടക്കത്തില്‍ മികച്ച ഫോമിലെത്താന്‍ അര്‍ജന്റീനക്കായിരുന്നില്ല. എന്നാല്‍ പിന്നീടങ്ങോട്ട് വെടിക്കെട്ട് പ്രകടനമായിരുന്നു മെസിയും സംഘവും കാഴ്ചവെച്ചത്.
കളിയുടെ 17ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ ജൂലിയന്‍ ആല്‍വാരസ് അര്‍ജന്റീനയുടെ ലീഡുയര്‍ത്തുകയായിരുന്നു. 25ാം മിനിട്ടില്‍ ഡി മരിയ ലീഡ് രണ്ടാക്കി. അക്യൂനയുടെ വകയായിരുന്നു അസിസ്റ്റ്.
36ാം മിനിട്ടില്‍ അലിസ്റ്ററിന്റെ അസിസ്റ്റില്‍ ഡി മരിയ രണ്ടാമതും വലകുലുക്കിയപ്പോള്‍ 44ാം മിനിട്ടില്‍ മരിയയുടെ അസിസ്റ്റില്‍ മെസി വലകുലുക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ 60ാം മിനിട്ടില്‍ ഡി പോളിന്റെ അസിസ്റ്റില്‍ ജ്വാക്വിം കൊറേയയും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീനയുടെ ഗോളുകളുടെ എണ്ണം അഞ്ചായി.
4-3-3 ശൈലിയിലാണ് സ്‌കലോണി തന്റെ ടീമിനെ കളത്തിലിറക്കിയത്. ഡി മരിയ, മെസി, ജൂലിയന്‍ ആല്‍വാരസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ചാണ് അര്‍ജന്റീന ഇറങ്ങിയത്.
പരിക്കേറ്റ് ലോകകപ്പിന് മുമ്പ് ജിയോവനി ലോ സെല്‍സോ പുറത്തായപ്പോള്‍ റോഡ്രിഗോ ഡി പോളും ഡാനിയല്‍ പരേഡസും അലക്സിസ് മാക് അലിസ്റ്ററും മധ്യനിര ഭരിക്കാനെത്തി.
ഒട്ടോമെന്‍ഡിക്ക് പുറമെ മാര്‍ക്കോസ് അക്യൂനയും ലിസാന്‍ഡ്രോ മാര്‍ട്ടിനസും ജുവാന്‍ ഫോയ്ത്തുമായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ വല കാക്കാന്‍ എമിലിയാനോ മാര്‍ട്ടിനസും എത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തുടര്‍ച്ചയായ 35 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ടീം അര്‍ജന്റീനയുടെ കുതിപ്പ്. 2019ന് ശേഷം ഒരൊറ്റ മത്സരത്തില്‍ പോലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീം അര്‍ജന്റീനക്ക് വിശ്വകിരീടം നേടാനായാല്‍ അത് ചരിത്ര മുഹൂര്‍ത്തമായിരിക്കും.
ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ അറിയിച്ചതിനാല്‍ ആ വിശേഷണം കൂടിയുണ്ടാകും ഖത്തര്‍ ലോകകപ്പിന്.
നവംബര്‍ 26ന് സൗദി അറേബ്യയുമായാണ് അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.
Content Highlights: Argentina defeated UAE for Five goals in FIFA World Cup 2022 warmup