ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് പരാജയം. മാരക്കാനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ ചിര വൈരികളായ അര്‍ജന്റീനയോട് പരാജയപ്പെട്ടത്.
ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ 63ാം മിനിട്ടില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയുടെ ഗോളിലൂടെയാണ് ആല്‍ബിസെലസ്റ്റ്‌സ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ജിയോവാനി ലോ സെല്‍സോയുടെ അസിസ്റ്റിലാണ് ഒട്ടമെന്‍ഡി അലിസണ്‍ ബെക്കറിനെ മറികടന്ന് ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചത്.
4-4-2 എന്ന ഫോര്‍മേഷനില്‍ ലയണല്‍ സ്‌കലോണി തന്റെ കുട്ടികളെ വിന്യസിച്ചപ്പോള്‍ 4-2-3-1 എന്ന ഫോര്‍മേഷനാണ് ബ്രസീല്‍ അവലംബിച്ചത്.
മത്സരത്തിന്റെ 49 ശതമാനവും ബ്രസീല്‍ പന്ത് കയ്യടക്കിവെച്ചപ്പോള്‍ അര്‍ജന്‍രീന 51 ശതമാനം ബോള്‍ പൊസഷനുമായി നേരിയ മുന്‍തൂക്കം പുലര്‍ത്തി. ഇരുടീമുകളും എട്ട് ഷോട്ട് വീതം ഉതിര്‍ത്തപ്പോള്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ബ്രസീല്‍ നാല് ഷോട്ടും അര്‍ജന്റീന രണ്ട് ഷോട്ടുമടിച്ചു. എന്നാല്‍ ബ്രസീലിന്റെ നാല് ഷോട്ടും പാഴായി.
42 ഫൗളുകളാണ് മത്സരത്തില്‍ പിറന്നത്. ബ്രസീല്‍ താരങ്ങള്‍ 26 തവണ ഫൗള്‍ വഴങ്ങിയപ്പോള്‍ 16 തവണയാണ് അര്‍ജന്റീന ഫൗള്‍ ചെയ്തത്. ബ്രസീല്‍ താരങ്ങള്‍ മൂന്ന് മഞ്ഞക്കാര്‍ഡും ഒരു റെഡ് കാര്‍ഡും കണ്ടു. മത്സരത്തിന്റെ 81ാം മിനിട്ടില്‍ ജോലിന്റനാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരിക്കല്‍ക്കൂടി ബ്രസീലിന്റെ കണ്ണുനീര്‍ മാരക്കാനയില്‍ വീണു.
ഈ തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. ആറ് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി ഏഴ് പോയിന്റാണ് ബ്രസീലിനുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വേയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട അര്‍ജന്റീന വീണ്ടും വിജയവഴിയില്‍ എത്തിയിരിക്കുകയാണ്. 6 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി അര്‍ജന്റീന ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കോപ്പ അമേരിക്കയ്ക്ക് ശേഷം അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് ഇനി പുനരാരംഭിക്കുക.