ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റീന തങ്ങളുടെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചു. താരങ്ങളില്‍ പലരും പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ അവസാന നിമിഷം വരെ കാത്തിരിക്കുമെന്ന് കോച്ച് സ്‌കലോണി നേരത്തെ അറിയിച്ചിരുന്നു.
ഇതിഹാസ താരം ലയണല്‍ മെസിയാണ് പട നയിക്കുക. പൗലോ ഡി ബാലയും എയ്ഞ്ചല്‍ ഡി മരിയയും പരിക്കില്‍ നിന്ന് മോചിതരായി ടീമിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയാണ്.
ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി നേരത്തെ സൂചിപ്പിച്ചിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കളിച്ച് അവസാന ലോകകപ്പ് എന്ന പേരിലായിരിക്കും ഖത്തര്‍ വേള്‍ഡ് കപ്പിനെ ലോകം അടയാളപ്പെടുത്തുക.
തുടര്‍ച്ചയായി അഞ്ച് ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന അര്‍ജന്റീനയുടെ ഏക ഫുട്‌ബോള്‍ താരവും ഏറ്റവും കൂടുതല്‍ ടൂര്‍മെന്റില്‍ പങ്കെടുക്കുന്ന ലോകത്തെ പ്രായം കുറഞ്ഞ താരവുമാണ് മെസി.
ഓരോ മത്സരത്തിലും റെക്കോഡുകള്‍ വാരിക്കൂട്ടുന്ന, അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഫുട്‌ബോള്‍ ഇതിഹാസം തന്റെ അവസാന ലോകപ്പില്‍ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
തുടര്‍ച്ചയായി 35 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് തുടരുന്ന അര്‍ജന്റീനക്ക് സൂപ്പര്‍താരം ജിയോവാനി ലോ സെല്‍സോ ടീമിലില്ലാത്തത് മാത്രമാണ് ആശങ്ക. അര്‍ജന്റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലോ സെല്‍സോ.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ ലോ സെല്‍സോക്ക് പകരം ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ കഴിവ് തെളിയിച്ച മിഡ്ഫീല്‍ഡര്‍ എസക്വീല്‍ പലാസിയോയെ തന്നെ സ്‌കലോണി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ നിരക്ക് കരുത്ത് പകരാന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനൊപ്പം പ്രഗത്ഭരായ മൊളിന, നിക്കോളാസ് ഒട്ടമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ, ജുവാന്‍ ഫൊയ്ത്ത് എന്നിവരുമുണ്ട്.
പരെഡെസും ഡീ പോളും നയിക്കുന്ന മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസ് എന്നിവരാണുള്ളത്.
മുന്നേറ്റ നിരയില്‍ ക്യാപ്റ്റന്‍ മെസിക്കും ഡി മരിയക്കും ഡിബാലക്കുമൊപ്പം ലൗട്ടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, ജ്വാക്വിം കൊറേയ, നിക്കോളാസ് ഗോണ്‍സാലെസ് എന്നിവരാണുള്ളത്.
എമിലിയാനോ മാര്‍ട്ടിനെസ് തന്നെയാണ് ടീമിന്റെ പ്രധാന ഗോള്‍ കീപ്പര്‍. അതേസമയം ജെറുനിമോ റുള്ളിയും ഫ്രാങ്കോ അര്‍മാനിയും വല കാക്കാനെത്തും.
നവംബര്‍ 26ന് സൗദി അറേബ്യയുമായാണ് അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരം. മെക്സിക്കോയും പോളണ്ടുമാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍. ഇതില്‍ മെക്സിക്കോയെ നവംബര്‍ 27നും പോളണ്ടിനെ ഡിസംബര്‍ ഒന്നിനുമാണ് അര്‍ജന്റീന നേരിടുക.
Content Highlights: Argentina declared their final squad for World Cup, Lionel Messi will lead the team