ഖത്തര്‍ ലോകകപ്പിലെ ഒന്നാം സെമി ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റൈന്‍ വിജയം. ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍ട്ടിയിലൂടെ വലകുലുക്കി.
മുപ്പതാം മിനിട്ടിന്റെ തുടക്കത്തില്‍ ഗോളെന്നുറപ്പിച്ച അല്‍വാരസിന്റെ മുന്നേറ്റം ബോക്‌സിനുള്ളില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു.
പെനാല്‍ട്ടി കിക്കെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു. ലോകകപ്പിലെ മെസിയുടെ അഞ്ചാം ഗോളാണിത്, പെനാല്‍ട്ടിയില്‍ നേടുന്ന മൂന്നാം ഗോളും.
പൂര്‍ണമായും അല്‍വാരസിന് മാത്രം അവകാശപ്പെടാവുന്നതായിരുന്നു രണ്ടാം ഗോള്‍. ബോക്‌സിന് പുറത്തുനിന്ന് തനിക്ക് ലഭിച്ച പന്ത് രണ്ട് ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോളി ലിവാകോവിച്ചിനെയും മറികടന്ന് അല്‍വാരസ് ബോക്‌സിലെത്തിക്കുകയായിരുന്നു.
69ാം മിനിട്ടിലാണ് അല്‍വാരസിന്റെ രണ്ടാം ഗോള്‍ പിറന്നത്. മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഗ്രൗണ്ടിന്റ വലതുഭാഗത്തിന്റെ പകുതിയില്‍ നിന്ന് ലഭിച്ച പന്ത്് ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ അനായസം മറികടന്ന് മെസി അല്‍വാരസിന് നല്‍കുകയായിരുന്നു. അല്‍വാരസ് അനായാസം ഫിനിഷ് ചെയ്തതോടെ സ്‌കോര്‍ ബോര്‍ഡ് 3-0.
ഈ വിജയത്തോടെ 2018ലെ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ അര്‍ജന്റീനക്കായി. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ക്രൊയേഷ്യയോട് 3-0ന് തോറ്റിരുന്നു.
Content Highlight: Argentina- Croatia Qatar world up semi final last updating