ഖത്തര്‍ ലോകകപ്പിലെ ഒന്നാം സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ആദ്യ പകുതിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന മുന്നില്‍.
മുപ്പത്തിനാലാം മിനിട്ടില്‍ ലയണല്‍ മെസിയും 38ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.
മുപ്പതാം മിനിട്ടിന്റെ തുടക്കത്തില്‍ ഗോളെന്നുറപ്പിച്ച അല്‍വാരസിന്റെ മുന്നേറ്റം ബോക്‌സിനുള്ളില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തതോടെ റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു.
പെനാല്‍ട്ടി കിക്കെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു. ലോകകപ്പിലെ മെസിയുടെ അഞ്ചാം ഗോളാണിത്, പെനാല്‍ട്ടിയില്‍ നേടുന്ന മൂന്നാം ഗോളും. ഇതോടെ ഈ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഫ്രഞ്ച് താരം എംബാപ്പെക്കൊപ്പമെത്തി മെസി. ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങള്‍ കഴിയുമ്പോള്‍ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്.
പൂര്‍ണമായും അല്‍വാരസിന് മാത്രം അവകാശപ്പെടാവുന്നതായിരുന്നു രണ്ടാം ഗോള്‍. ബോക്‌സിന് പുറത്തുനിന്ന് തനിക്ക് ലഭിച്ച പന്ത് രണ്ട് ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോളി ലിവാകോവിച്ചിനെയും മറികടന്ന് അല്‍വാരസ് ബോക്‌സിലെത്തിക്കുകയായിരുന്നു.
രണ്ട് മാറ്റങ്ങളുമായി അര്‍ജന്റീന
ആദ്യ ഇലവനില്‍ അര്‍ജന്റീന ടീമില്‍ രണ്ട് മാറ്റങ്ങളാണുണ്ടായിരുന്നത്. അക്യൂനയ്ക്ക് പകരം ടാഗ്ലിയാഫിക്കോയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്സിന് പകരം ലിയാന്‍ഡ്രോ പെരെഡെസും ടീമിലിടം നേടി. അര്‍ജന്റീന 4-4-2 ശൈലിയിലാണ് ക്രൊയേഷ്യയ്ക്കെതിരെ ടീം കളിച്ചത്.
മാറ്റങ്ങളില്ലാതെയാണ് ക്രൊയേഷ്യന്‍ ടീമില്‍ കളത്തിലിറങ്ങിയത്. 4-3-3 ശൈലിയില്‍
ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരേ കളിച്ച അതേ ടീമാണ് ടീമിന്റെ ആദ്യ ഇലവന്‍.
ടീം അര്‍ജന്റീന
മാര്‍ട്ടിനെസ(ഗോള്‍ കീപ്പര്‍), മൊളീന, റൊമീരോ, ഒട്ടമെന്‍ഡി, തഗ്ലിയാഫികോ, പരേഡെസ്, ഡീ പോള്‍, മാക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, മെസി(ക്യാപ്റ്റന്‍), അല്‍വാരസ്.
ക്രൊയേഷ്യ
ലിവാകോവിച്ച്(ഗോള്‍ കീപ്പര്‍) , പെരിസിച്ച്, ലോവ്റെന്‍, കോവാസിച്ച്, ക്രാമറിസിച്ച്, മോഡ്രിച്ച്(ക്യാപ്റ്റന്‍), ബ്രോസോവിച്ച്, പാസാലിച്ച്, സോസാ, ഗവാര്‍ഡിയോള്‍, ജുറാനോവിച്ച്.
Content Highlight: Argentina- Croatia Qatar world cup semi final updating