കേരളത്തിലെ ആരാധകരെ അഭിനന്ദിച്ച് അർജന്റീന
2022 FIFA World Cup
കേരളത്തിലെ ആരാധകരെ അഭിനന്ദിച്ച് അർജന്റീന
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th December 2022, 12:39 pm

2022 ഫിഫ ലോകകപ്പ് ഫുട്ബോളിലെ ചാമ്പ്യൻമാരായി അവരോധിക്കപ്പെട്ടിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം. 1986ൽ മറഡോണയുടെ നേതൃത്വത്തിൽ ലോകകപ്പ് ഉയർത്തിയ ശേഷം നീണ്ട 36 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന മെസിയുടെ നേതൃത്വത്തിൽ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരിക്കുന്നത്.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

എന്നാലിപ്പോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷം കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ ഫുട്ബോൾ ടീം. ട്വിറ്ററിലൂടെയാണ് ആരാധകർക്ക് അർജന്റൈൻ ടീം നന്ദിയറിയിച്ചത്.

“നന്ദി ബംഗ്ലാദേശ്, നന്ദി കേരള, ഇന്ത്യ, പാകിസ്ഥാൻ നിങ്ങളുടെ പിന്തുണക്ക് വലിയ നന്ദി,’ എന്നായിരുന്നു അർജന്റൈൻ ടീം ട്വീറ്റ് ചെയ്തത്.
അർജന്റീനക്ക് പുറത്ത് ബംഗ്ലാദേശിലും, ഇന്ത്യയിലുമാണ് അർജന്റീന ഫുട്ബോൾ ടീമിന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് എന്നാണ് റിപ്പോർട്ടുകൾ.

അതിൽ തന്നെ കേരളത്തിലും കൊൽക്കത്തയിലുമാണ് ഇന്ത്യയിലെ അർജന്റീനയുടെ വലിയ ആരാധക കൂട്ടമുള്ളത്.
ട്വീറ്റിൽ രാജ്യങ്ങളുടെ പേരിൽ അല്ലാതെ അർജന്റൈൻ ടീം മെൻഷൻ ചെയ്തിരിക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്.

നേരത്തെ നെയ്മര്‍ ജൂനിയറും കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. കേരളത്തിലുയര്‍ത്തിയ ഒരു കട്ടൗട്ടിന്റെ ചിത്രം പങ്കുവെച്ചാണ് നെയ്മര്‍ കേരളത്തിന് നന്ദി പറഞ്ഞത്.

 

അർജന്റീന ലോകകപ്പ് നേടിയതോടെ വലിയ ആഘോഷങ്ങളാണ് കേരളത്തിൽ അങ്ങോളം, ഇങ്ങോളം ആരാധകർ നടത്തിയത്. ഘോഷയാത്രയും, പടക്കം പൊട്ടിക്കലും, ബൈക്ക് റാലിയും ഒക്കെയായി നടത്തപ്പെട്ട ആഘോഷപരിപാടികൾക്കിടയിൽ ചിലയിടങ്ങളിൽ ആക്രമണ സംഭവങ്ങളും അരങ്ങേറി.

ഒരു നീണ്ടകാലയളവിലെ കിരീട വരൾച്ചക്ക് ശേഷം തുടർച്ചയായി കോപ്പഅമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അർജന്റീന രാജകീയമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.

മത്സരത്തിൽ സാക്ഷാൽ മെസി രണ്ട് ഗോളുകൾ ഉൾപ്പെടെ സ്വന്തമാക്കി മികച്ച കളിക്കാരാനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ, ഫ്രഞ്ച് യുവതാരം എംബാപ്പെ മത്സരത്തിൽ ഹാട്രിക്ക് നേടിയിരുന്നു.

ഇതോടെ എട്ട് ഗോളുകളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടം സ്വന്തമാക്കിയ പ്ലെയർ എന്ന നിലയിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം എംബാപ്പെ ഏറ്റുവാങ്ങി.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

ലോകകപ്പ് കിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ ക്ലബ്ബ്‌ ഫുട്ബോളിലെയും, രാജ്യന്തര ഫുട്ബോളിലെയും പ്രധാനപ്പെട്ട ടൈറ്റിലുകളെല്ലാം സ്വന്തമാക്കാൻ മെസിക്ക് സാധിച്ചു. ലോകകപ്പിന് ശേഷം മെസി വിരമിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, മെസി തുടർന്നും മത്സരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.

Content Highlights:Argentina congratulates football fans in Kerala