ബ്രസീലിയ: കോപ്പയില്‍ സ്വപ്‌ന ഫൈനലിന് കളമൊരുങ്ങി. ലോകം കാത്തിരിക്കുന്ന ബ്രസീല്‍ – അര്‍ജന്റീന പോരാട്ടമാണ് ഫൈനലില്‍ കാത്തിരിക്കുന്നത്. സെമി ഫൈനലില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലെത്തിയത്. 3-2നായിരുന്നു ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയത്.
നിശ്ചിത സമയത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ തുടര്‍ന്നതോടെയാണ് മാച്ച് ഉദ്വേഗഭരിതമായ ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ലൗട്ടൗരോ മാര്‍ട്ടിനസ് അര്‍ജന്റീനക്ക് വേണ്ടി കൊളംബിയയുടെ വല കുലുക്കി. രണ്ടാം പകുതി തുടങ്ങിയ ശേഷം 61ാം മിനിറ്റില്‍ ലൂയിസ് ഡിയാസിലൂടെ കൊളംബിയ തിരിച്ചടിച്ചു.
പിന്നീട് വിജയമുറപ്പിക്കാനായി ഇരു ടീമുകളും നിരവധി തവണ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ രക്ഷിച്ചത് ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ ഗംഭീര സേവുകളായിരുന്നു. മൂന്ന് കൊളംബിയന്‍ താരങ്ങളുടെ ഷോട്ടുകള്‍ തടുത്തുകൊണ്ട് മാര്‍ട്ടിനസ് അര്‍ജന്റീനയുടെ വിജയശില്‍പിയായി.
ഷൂട്ടൗട്ടില്‍ മെസിയും ലിയാന്‍ഡ്രോ പരേദസും ലൗട്ടൗരോ മാര്‍ട്ടിനസും അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടി. കൊളംബിയക്ക് വേണ്ടി യുവാന്‍ ക്വാഡ്രഡോ, മിഗ്വേല്‍ ബോര്‍ജ് എന്നിവരാണ് ഗോള്‍ നേടിയത്.
ഡേവിന്‍സണ്‍ സാഞ്ചസ്, യെറി മിന, കാര്‍ഡോണ് എന്നിവരുടെ ഷോട്ടുകളാണ് അര്‍ജന്റീനാ ഗോളി മാര്‍ട്ടിനസ് തടുത്തത്. അര്‍ജന്റീനയുടെ ഡി പോളിന്റെ ഷോട്ട് പുറത്തുപോയിരുന്നു. അഞ്ചാം കിക്ക് എടുക്കും മുന്‍പേ അര്‍ജന്റീന ീഡ് നേടിയതോടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു.
ഞായറാഴ്ച മറക്കാന സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും അര്‍ജന്റീന ബ്രസീലിനെ നേരിടുക. നിലവിലെ ചാംപ്യന്മരെ അവരുടെ മണ്ണില്‍ നേരിടാനുള്ള ഒരുക്കത്തിലാണ് അര്‍ജന്റീന. സെമിയില്‍ പെറുവിനെ ഒരു ഗോളിന് തകര്‍ത്താണ് ബ്രസീല്‍ എത്തുന്നത്.
അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പോ കോപ്പ അമേരിക്കയോ നേടാന്‍ സാധിക്കാത്ത സൂപ്പര്‍താരം ലയണല്‍ മെസിക്ക് ഈ തവണയെങ്കിലും ആ കാത്തിരിപ്പ് അവസാനിപ്പിക്കാനാകുമോയെന്ന് അറിയാനാണ് ലോകം ലോകം കാത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Argentina – Columbia Copa America – Argentina wins and goes to Final against Brazil