ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് ലയണല്‍ മെസി. എന്നാല്‍ ലാലിഗയില്‍ നിന്നും മാറി ലീഗ് വണ്ണിലെ ടീമായ പി.എസ്.ജിയില്‍ എത്തിയപ്പോള്‍ വളരെ മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.
പക്ഷെ സീസണിന് ശേഷം നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ മെസി അക്ഷരാര്‍ത്ഥത്തില്‍ ആറാടുകയായിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ ഫൈനലിസിമയില്‍ അര്‍ജന്റീന മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ രണ്ട് അസിസ്റ്റുമായി താരം കളം നിറഞ്ഞു കളിച്ചിരുന്നു. പിന്നീട് എസ്‌തോണിയ എന്ന രാജ്യത്തിനെതിരെ അഞ്ച് ഗോളാണ് മെസി അടിച്ചുകൂട്ടിയത്.
എസ്‌തോണിയക്കെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു മെസിയെ നദാലിനോട് താരതമ്യം ചെയ്തുകൊണ്ട് കോച്ച് സ്‌കലോനി സംസാരിച്ചത്. അദ്ദേഹം കളി നിര്‍ത്തിയാല്‍ ഉറപ്പായിട്ടും എല്ലാവരും അയാളെ മിസ് ചെയ്യുമെന്നും സ്‌കലോനി പറഞ്ഞു.
‘മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. മെസി റാഫേല്‍ നദാലിനെ പോലെയാണ്. നിങ്ങള്‍ എന്താണ് അയാളെ വിശേഷിപ്പിക്കാന്‍ പോകുന്നത്? അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഇനി പുതിയ വാക്കുകള്‍ കണ്ടെത്തണം.
മെസി യുണീക്കാണ്. അദ്ദേഹം കളിക്കുന്ന ടീമില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ പറ്റിയതിനെ കുറിച്ചും, അവന്റെ പെരുമാറ്റത്തെ കുറിച്ചും, അവന്‍ ഈ ജേഴ്‌സിയെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതിനെ കുറിച്ചും പറയാന്‍ വാക്കുകളില്ല,”സ്‌കലോനി പറഞ്ഞു.
ടെന്നീസ് ഇതിഹാസമായ റാഫേല്‍ നദാല്‍ കഴിഞ്ഞ ദിവസമായിരുന്നു തന്റെ 14ാം ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ചത്.
‘നമുക്ക് നന്ദിയുടെ വാക്കുകള്‍ മാത്രമേ പറയാനുള്ളു. അവന്‍ അര്‍ജന്റീനയുടേത് മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല – അവന്‍ ലോകത്തിന്റേതാണ്. അവന്‍ ഇനി കളിക്കാത്ത ദിവസം, എല്ലാവര്‍ക്കും അവനെ മിസ് ചെയ്യും, അതിനാല്‍ അവന്‍ കളിക്കുന്നത് തുടരുമെന്നും എല്ലാവരും അവന്റെ കളി ആസ്വദിക്കുകയും അവനെ സംരക്ഷിക്കുകയും ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം അവന്റെ കളി കാണുന്നത് തന്നെ സന്തോഷം തരുന്നതാണ്,’ സ്‌കലോനി കൂട്ടിച്ചേര്‍ത്തു.
28 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനക്ക് ഒരു അന്താരാഷ്ട്ര കിരീടം അണിയിക്കുന്നതില്‍ മെസിയും സ്‌കലോനിയും വഹിച്ച പങ്ക് ചെറുതല്ല. ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: Lionel Scaloni says Lionel Messi is like Rafael Nadal