| Thursday, 19th January 2023, 3:24 pm

സ്പെയിൻ തന്റെ രണ്ടാം വീടെന്ന് തുറന്ന് പറഞ്ഞ് അർജന്റൈൻ പരിശീലകൻ; ആശങ്കയോടെ ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ ഖത്തർ എഡിഷനിൽ അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ലയണൽ സ്കലോണി.

സ്കലോണിയുടെ നേതൃത്വത്തിൽ കോപ്പാ, ഫൈനലിസിമ, ലോകകപ്പ് എന്നീ കിരീടങ്ങൾ അർജന്റീന കരസ്ഥമാക്കുകയും കൂടാതെ സ്കലോണിക്ക് കീഴിൽ ഗോൾഡൻ ബോൾ പുരസ്കാരം നേടാൻ മെസിക്ക് സാധിച്ചു.

കൂടാതെ സ്കലോണിക്ക് കീഴിൽ അച്ചടക്കവും തീവ്രവുമായ ഫുട്ബോൾ കളിക്കുന്ന ഒരു ടീം എന്ന നിലയിലേക്കും, താരങ്ങളെ ആശ്രയിക്കുന്നതിന് പകരം ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു സംഘമായും അർജന്റീന മാറിയിരുന്നു.

എന്നാലിപ്പോൾ സ്പെയിൻ പരിശീലക സ്ഥാനത്തേക്ക് അവസരം ലഭിച്ചാൽ പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘അതേ’ ‘സ്പെയിൻ എന്റെ രണ്ടാം വീട് പോലെയാണ്’ എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി.

ലോകകപ്പ് തോൽവിക്ക് ശേഷം സ്പെയ്ൻ പരിശീലകൻ ലൂയിസ് എൻറിക്കെ സ്പാനിഷ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനാൽ തന്നെ സ്പെയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ സ്കലോണിയുടെ അഭിപ്രായം അർജന്റീന ആരാധകർക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്പാനിഷ് എൽ പാർറ്റിഡാസോ സംഘടിപ്പിച്ച പരിപാടിയിലാണ് സ്പെയിൻ തനിക്ക് തന്റെ രണ്ടാം വീട് പോലെയാണെന്ന് സ്കലോണി പറഞ്ഞത്.

“എന്ത് കൊണ്ട് സ്പെയ്ന്റെ പരിശീലകൻ ആയിക്കൂടാ, അത് എനിക്കെന്റെ രണ്ടാം വീട് പോലെയാണ്,’ സ്കലോണി പറഞ്ഞു.

എന്നാൽ അർജന്റീനയിൽ താൻ സന്തുഷ്ടവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെയ്നിലെ മല്ലോറയിലാണ് സ്കാലോണിയുടെ പ്രാഥമിക വസതി. ഭാര്യയും കുട്ടികളുമായി അദ്ദേഹം മല്ലോറയിലാണ് താമസം.

2018ൽ സീനിയർ ടീമുകളെയൊന്നും പരിശീലിപ്പിച്ച് പരിചയമില്ലാതെയാണ് അദ്ദേഹം അർജന്റീനയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിയമിതനായത്. കൂടാതെ സ്കലോണി അർജന്റീനയുടെ പരിശീലകനാകുന്നതിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്ന് വന്നിരുന്നു.

എന്നാൽ അതിനെയെല്ലാം മറികടന്നാണ് അദ്ദേഹം അർജന്റീനക്ക് നിരവധി മേജർ കിരീടങ്ങൾ നേടിക്കൊടുത്തത്.

ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നിരവധി പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ സ്കലോണിയെ നോട്ടമിട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പരിശീലകന്റെ ഭാവി തീരുമാനങ്ങളെ പറ്റി സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

Content Highlights:Argentina coach says Spain is his second home; argentina fans are not happy

We use cookies to give you the best possible experience. Learn more