'അവര്‍ അപമാനിച്ചത് ഫുട്‌ബോളിനെ'; ഇത് മെസി യുഗത്തിന്റെ അന്ത്യമോ? കണ്ണീരോടെ ആരാധകര്‍
Football
'അവര്‍ അപമാനിച്ചത് ഫുട്‌ബോളിനെ'; ഇത് മെസി യുഗത്തിന്റെ അന്ത്യമോ? കണ്ണീരോടെ ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th August 2022, 1:07 pm

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ അര്‍ജന്റൈന്‍ നായകന്‍ മെസിയില്ല. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസി, 2005ന് ശേഷം ഇതാദ്യമായിട്ടാണ് പട്ടികയില്‍ നിന്നും പറത്താവുന്നത്.

ബാലണ്‍ ഡി ഓര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് മെസി ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സൂപ്പര്‍ താരം കരീം ബെന്‍സെമ, പി.എസ്.ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെ എന്നിവരടക്കം പട്ടികയിലുണ്ടെന്നിരിക്കെയാണ് മെസി പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങില്‍ മെസിക്കായുള്ള മുറവിളിയും ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്.

മെസിക്ക് പുറമെ പി.എസ്.ജിയില്‍ മെസിയുടെ സഹതാരമായ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും പട്ടികയില്‍ ഇടം നേടാനായില്ല.

ഇപ്പോഴിതാ, പ്രമുഖ അര്‍ജന്റൈന്‍ മാധ്യമമായ ടി.വൈ.സി സ്‌പോര്‍ട്‌സിലെ ജേര്‍ണലിസ്റ്റായ ഗാസ്റ്റണ്‍ റെക്കോണ്ടോയും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. മെസിയെ തഴഞ്ഞതിലൂടെ ഫുട്‌ബോളിനെയാണ് അവര്‍ അപമാനിച്ചതെന്നായിരുന്നു റെക്കോണ്ടോ പറഞ്ഞത്.

‘കൊവിഡ് അടക്കമുള്ള ചില കാരണങ്ങള്‍ കൊണ്ട് പി.എസ്.ജിയിലെ സാഹചര്യവുമായി ബന്ധപ്പെട്ടുപോവാന്‍ അദ്ദേഹത്തിനായില്ല എന്ന കാര്യം ശരിയാണ്. എന്നാല്‍ അത് മെസിയാണ് എന്ന കാര്യം നിങ്ങള്‍ മറക്കരുത്. എട്ട് മാസം മുമ്പ് ഇതേ മെസി തന്നെയല്ലേ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

ഈ 30 പേരും മെസിലേക്കാള്‍ മികച്ചവരാണെന്നാണോ നിങ്ങള്‍ പറയുന്നത്. മെസിയെ ഒഴിവാക്കിയതോടെ നിങ്ങള്‍ അപമാനിച്ചിരിക്കുന്നത് ഫുട്‌ബോളിനെ തന്നെയാണ്. 45 മില്യണ്‍ ജനങ്ങളുടെ പിന്തുണയോടെയാണ് മെസി ഖത്തറിലേക്ക് പറക്കുന്നത്. ഈ 30 പേരെക്കാള്‍ അത് ഏറെ വലുതാണ്,’ എന്നാണ് അദ്ദേഹം കുറിക്കുന്നത്.

2005ലാണ് മെസി ആദ്യമായി ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. 2007 മുതല്‍ 2018 വരെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എന്നും മെസിയുണ്ടായിരുന്നു.

2018ല്‍ മെസി ആദ്യ മൂന്നില്‍ നിന്നും പുറത്തായെങ്കിലും തൊട്ടടുത്ത വര്‍ഷങ്ങളില്‍ (2019, 2021) പുരസ്‌കാരം നേടിക്കൊണ്ടായിരുന്നു താരം തിരിച്ചുവന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പട്ടിക മെസിയുടെ കരിയറിലെ തീരാ കളങ്കമാവുമെന്നുറപ്പാണ്.

 

Content Highlight: Argentina captain Messi is not in the top 30 list for the Ballon d’Or award.