| Sunday, 14th July 2024, 4:07 pm

മെസിയുടെയും അർജന്റീനയുടെയും പഴയ അന്തകൻ വീണ്ടും കളത്തിൽ; ചങ്കിടിപ്പോടെ ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്. നാളെ നടക്കുന്ന കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും കൊളംബിയയുമാണ് ഏറ്റുമുട്ടുന്നത്. സെമിഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കൊളംബിയ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.

മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഈ ഫൈനല്‍ മത്സരത്തിനു മുന്നോടിയായി അര്‍ജന്റീനക്ക് കനത്ത വെല്ലുവിളിയാണ് നിലനില്‍ക്കുന്നത്. ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ എത്തുന്ന റഫറി റാഫേല്‍ ക്‌ളോസാണ് അര്‍ജന്റീനക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്.

2020ല്‍ ലോകകപ്പ് യോഗ്യത അര്‍ജന്റീന-പാരാഗ്വയും തമ്മിലുള്ള പോരാട്ടത്തിലെ നാടകീയമായ ഒരു അര്‍ജന്റീനന്‍ ആരാധകരും മറക്കില്ല. അന്ന് ബ്യൂണസ് ഐറിസില്‍ വെച്ച് നടന്ന മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ നിലപാടുകള്‍ എടുത്തതിനെതിരെ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി ബ്രസീലിയന്‍ റഫറി ഏറ്റുമുട്ടിയിരുന്നു.

മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയ സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ മെസി നേടിയ ഒരു ഗോള്‍ റാഫേല്‍ ബാര്‍ പരിശോധിച്ചുകൊണ്ട് അനുവദിക്കാതിരിക്കുകയായിരുന്നു. ഇതുപോലെ മത്സരത്തില്‍ ബ്രസീലിയന്‍ റഫറിയുടെ പല തീരുമാനങ്ങളും അര്‍ജന്റീനക്ക് എതിരായിരുന്നു.

റഫറിയുടെ തീരുമാനത്തിനെതിരെ മെസി പ്രതിഷേധങ്ങള്‍ ഗ്രൗണ്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് എയ്ഞ്ചല്‍ റോമേറിയാണ് പരാഗ്വക്കായി ലീഡ് നേടിയത്. എന്നാല്‍ നിക്കോളാസ് ഗോണ്‍സാലത്തിലൂടെ അര്‍ജന്റീന ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ വീണ്ടും കോപ്പ അമേരിക്കയുടെ നിര്‍ണായകമായ ഫൈനല്‍ മത്സരത്തില്‍ റാഫേല്‍ ക്ലോസ് എത്തുമ്പോള്‍ പഴയ നാടകീയ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഈ കോപ്പയില്‍ ഒരു ഗോളും അസിസ്റ്റും മാത്രമാണ് മെസിക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരെയുള്ള മത്സരത്തില്‍ പരിക്കുപറ്റിയതിന് പിന്നാലെ താരം രണ്ട് മത്സരങ്ങളില്‍ നിന്നും പുറത്തായിരുന്നു. സെമിഫൈനലില്‍ കാനഡക്കെതിരെ ആയിരുന്നു മെസി ഗോള്‍ നേടിയിരുന്നത്. ഇതോടെ കോപ്പ അമേരിക്കയുടെ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന താരമായി മാറാനും ഇന്റര്‍ മയാമി നായകന് സാധിച്ചിരുന്നു.

Content Highlight: Argentina Big Challenge in Copa America Final

We use cookies to give you the best possible experience. Learn more