Football
പരാഗ്വയും കടന്ന് അർജന്റീന കുതിക്കുന്നു; പരിക്ക് മാറി മെസി തിരിച്ചെത്തി
2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് ജയം. പരാഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വീഴ്ത്തിയത്.
അർജന്റീനയിലെ എസ്ടാഡിയോ മോനുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-3-3 എന്ന ശൈലിയിലായിരുന്നു ലോകചാമ്പ്യൻമാർ കളത്തിലിറങ്ങിയത്.
മറുഭാഗത്ത് 3-4-3 എന്ന ശൈലിയിലായിരുന്നു സന്ദർശകരുടെ പോരാട്ടം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന മുന്നിലെത്തി. മൂന്നാം മിനിട്ടിൽ നിക്കോളാസ് ഒട്ടമെന്റിയിലൂടെയാണ് അർജന്റീന വിജയഗോൾ നേടിയത്. ഒരു മികച്ച വോളിയിലൂടെയായിരുന്നു താരം ഗോൾ നേടിയത്.
തുടർന്ന് നിരവധി അവസരങ്ങൾ അർജന്റീനക്ക് സൃഷ്ടിക്കാൻ സാധിച്ചുവെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. മറുപടി ഗോളിനായി എതിരാളികൾ മികച്ച പരിശ്രമങ്ങൾ നടത്തിയെങ്കിലും അർജന്റീനൻ പ്രതിരോധം മറികടക്കാൻ പരാഗ്വക്ക് സാധിച്ചില്ല. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ 1- 0ത്തിന് ആതിഥേയർ വിജയിക്കുകയായിരുന്നു.
അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് എന്നിവർ മധ്യനിരയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പരിക്കിൽ നിന്നും മുക്തനായി സൂപ്പർ താരം ലയണൽ മെസി ഗ്രൗണ്ടിൽ തിരിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസിന് പകരക്കാരനായാണ് സൂപ്പർ താരം കളത്തിലിറങ്ങിയത്.
മത്സരത്തിൽ രണ്ട് ഷോട്ടുകൾ താരം എതിരാളികളുടെ പോസ്റ്റിലേക്ക് ഉന്നംവെച്ചു.
സെപ്റ്റംബറിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ പരിക്കേറ്റ സൂപ്പർ താരം മെസിക്ക് പിന്നീടുള്ള അർജന്റീനയുടെയും ഇന്റർ മയാമിയുടെയും മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു. എന്നാൽ മെസിയുടെ ഈ തിരിച്ചുവരവ് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നിൽ മൂന്നും വിജയിച്ചുകൊണ്ട് മുന്നേറുകയാണ് സ്‌കോലോണിയും സംഘവും.
ഒക്ടോബർ 18ന് പെറുവിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. പെറുവിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ നാസിയോണൽ ഡി ലിമ സ്റ്റേഡിയമാണ് വേദി.
Content Highlight: Argentina beat Paraguay in World cup qualifiers.