| Sunday, 28th July 2024, 8:38 am

തോറ്റു തുടങ്ങുന്ന അർജന്റീനയെ ഭയക്കണം; ഒളിമ്പിക്സിൽ വമ്പൻ തിരിച്ചുവരവുമായി ലോകചാമ്പ്യന്മാർ

സ്പോര്‍ട്സ് ഡെസ്‌ക്

2024 പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. ഇറാഖിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ലോക ജേതാക്കള്‍ പരാജയപ്പെടുത്തിയത്.

മത്സരം തുടങ്ങി 13ാം മിനിട്ടില്‍ തിയാഗോ അല്‍മാടയിലൂടെ അര്‍ജന്റീനയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ അയ്മന്‍ ഹുസൈനിലൂടെ ഇറാഖ് ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി കൊണ്ട് സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ അര്‍ജന്റീന വീണ്ടും ഗോളുകള്‍ നേടി കൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു. 62ാം മിനിട്ടില്‍ ലൂസിയാനൊ ഗോണ്ടൊയിലൂടെയും 85ാം മിനിട്ടില്‍ എസെക്വിയല്‍ ഫെര്‍ണാണ്ടസിലൂടെയും അര്‍ജന്റീന രണ്ടു ഗോളുകള്‍ നേടുകയായിരുന്നു.

ഈ വിജയത്തിന് അടുത്ത റൗണ്ടിലേക്കുള്ള അര്‍ജന്റീനയുടെ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താനും ഹാവിയര്‍ മഷറാനോക്കും സംഘത്തിനും സാധിച്ചു.

നേരത്തെ അര്‍ജന്റീനയുടെ ഒളിമ്പിക്‌സിലെ ആദ്യ മത്സരത്തില്‍ മൊറോക്കോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ മത്സരം ഏറെ വിവാദങ്ങളുടെയാണ് അവസാനിച്ചത്. ഒളിമ്പിക് ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന സംഭാവികാസങ്ങള്‍ക്കായിരുന്നു കായിക ലോകം സാക്ഷ്യം വഹിച്ചത്.

മത്സരത്തില്‍ അര്‍ജന്റീന നേടിയ രണ്ടാമത്തെ ഗോള്‍ വാറിലൂടെ പരിശോധിച്ചുകൊണ്ട് ആ ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു. മത്സരം കഴിഞ്ഞ് ഒന്നരമണിക്കൂറിന് ശേഷമാണ് വിധി വന്നത്. ഇതോടെ ആദ്യം സമനിലയില്‍ ആയിരുന്ന മത്സരം 2-1ന് മൊറോക്കോ സ്വന്തമാക്കുകയായിരുന്നു.

അതേസമയം ജൂണ്‍ 30ന് ഉക്രൈനെതിരെയാണ് അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഈ മത്സരത്തിലും അര്‍ജന്റീന മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Argentina Beat Iraq in Paris Olympics 2024

We use cookies to give you the best possible experience. Learn more