സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. എല്‍ സാല്‍വദോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയിട്ടും അര്‍ജന്റീന മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.
ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 5-3-2 എന്ന ശൈലിയുമായിരുന്നു എല്‍ സാല്‍വദോര്‍ പിന്തുടര്‍ന്നത്.
മത്സരത്തില്‍ 16ാം മിനിട്ടില്‍ ക്രിസ്ത്യന്‍ റൊമേറോയിലൂടെയാണ് അര്‍ജന്റീന ഗോളടിമേളം തുടങ്ങിയത്. ആദ്യപകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ താരം എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന രണ്ടാം ഗോള്‍ നേടി.
ഒടുവിൽ ആദ്യപകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ 52ാം മിനിട്ടില്‍ ജിയോ വാനി ലോ സെല്‍സോ അര്‍ജന്റീനക്കായി മൂന്നാം ഗോള്‍ നേടി.
ആശ്വാസ ഗോള്‍ നേടാന്‍ എതിരാളികള്‍ക്ക് ഒരു നീക്കം പോലും നല്‍കാതെ അര്‍ജന്റീനന്‍ പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു.
മത്സരത്തില്‍ 24 ഷോട്ടുകളാണ് അര്‍ജന്റീന എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ 14 എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കുമായിരുന്നു. മത്സരത്തില്‍ 80 ശതമാനം ബോള്‍ പൊസഷന്‍ അര്‍ജന്റീനയുടെ ഭാഗത്ത് ആയിരുന്നു.
അര്‍ജന്റീനയുടെ അടുത്ത സൗഹൃദമത്സരം വരുന്നത് മാര്‍ച്ച് 27നാണ്. മെമ്മോറിയല്‍ കൊളിസിയത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കൊസ്റ്റാറിക്കയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
Content Highlight: Argentina beat El Salvador in friendly match