2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ സ്‌കലോണിയും കൂട്ടരും പരാജയപ്പെടുത്തിയത്. ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കളിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ടായിരുന്നു.
അര്‍ജന്റീനയുടെ തട്ടകമായ മാസ് മോണുമെന്റൽ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-5-2 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയുമായിരുന്നു ചിലി പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു ലോകചാമ്പ്യന്‍മാരുടെ മൂന്ന് ഗോളുകളും പിറന്നത്. 48ാം മിനിട്ടില്‍ ലിവര്‍പൂള്‍ സൂപ്പര്‍താരം അലക്‌സിസ് മക്ക് അലിസ്റ്ററിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. ചിലിയുടെ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.
84ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനക്കായി രണ്ടാം ഗോള്‍ നേടി. സന്ദര്‍ശകരുടെ പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്നും ഒരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് താരം പന്ത് വലയിലെത്തിച്ചത്.
ഇഞ്ചുറി ടൈമില്‍ സൂപ്പര്‍താരം പൗലോ ഡിബാലയും ഗോൾ നേടിയതോടെ മത്സരം പൂര്‍ണമായും അര്‍ജന്റീന സ്വന്തമാക്കുകയായിരുന്നു. ചിലിയുടെ പെനാല്‍ട്ടി ബോക്‌സിന്റെ ഇടത് വശത്ത് നിന്നും ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ ഡിബാല ലക്ഷ്യം കാണുകയായിരുന്നു.
മത്സരത്തില്‍ 65 ശതമാനം ബോള്‍ പോസഷനും അര്‍ജന്റീനയുടെ അടുത്തായിരുന്നു. 16 ഷോട്ടുകളാണ് ചിലിയുടെ പോസ്റ്റിലേക്ക് അര്‍ജന്റീന ഉതിര്‍ത്തത്. ഇതില്‍ എട്ടെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് അഞ്ച് ഷോട്ടുകളില്‍ നിന്നും ഒരു ഷോട്ട് മാത്രമേ ചിലിക്ക് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചുള്ളൂ.
നിലവില്‍ ക്വാളിഫയര്‍ മത്സരങ്ങളുടെ പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഒരു തോല്‍വിയുമായി 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. മറുഭാഗത്ത് ഏഴ് മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമായി അഞ്ച് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചിലി.
സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. അന്നേ ദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ചിലി ബൊളീവിയയെയും നേരിടും.
Content Highlight: Argentina Beat Chile in World Cup Qualifier Match